ഈ ഖുർആൻ ആയത്തിൽ അല്ലാഹു അരുളുന്നു; “നിങ്ങൾ എവിടെയായിരുന്നാലും ഞാൻ നിങ്ങളുടെ കൂടെയുണ്ട്.”
وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌۭ
(ഖുർആൻ 57:4)
ഇവിടെ ‘കൂടെയുണ്ട്’ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
സയ്യിദി:
ഈ കാര്യം അല്ലാഹു തആല നബി (സ) യോടാണ് പറഞ്ഞത്. എന്നോടും നിങ്ങളോടും അല്ല പറഞ്ഞത്. വഹുവ മഅക്കും ഐന മാ കുന്തും. (നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളുടെ കൂടെയുണ്ട്).
വല്ലാഹു ബിമാ തഅമലൂൻ (നിങ്ങൾ പ്രവർത്തിക്കുന്നതെന്തും അല്ലാഹു കാണുന്നുണ്ട്). (ഖുർആൻ 57:4)
ഈ കാര്യം അല്ലാഹു തആല നബി (സ) യോടാണ് പറഞ്ഞത്. നബി തിരുമേനി (സ) ഇതിനെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു; സൗർ ഗുഹയിൽ പോയപ്പോൾ അബൂബക്കറിനോട് പറഞ്ഞു: “ഭയപ്പെടേണ്ട, അല്ലാഹു നമ്മുടെ കൂടെയുണ്ട്.”
ഈ കാര്യങ്ങൾ മുസ്ലീങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ധാരാളം ഹദീസുകൾ ഉണ്ട്, അതിൽ നബി തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലം ഏതെങ്കിലും പ്രത്യേക സ്വഹാബിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടാകും, “നീ ഇങ്ങനെ ചെയ്യണം” എന്ന്. ഇപ്പോൾ മുസ്ലീങ്ങൾ കരുതുന്നത് ഇതെല്ലാം നമുക്കുള്ള കൽപ്പനയാണെന്നാണ്. അങ്ങനെ പ്രവർത്തിക്കാൻ കഴിയില്ലല്ലോ?
ഉദാഹരണത്തിന്, സർക്കാർ ഗോഹർ ഷാഹി എന്നോട് ഒരു കാര്യം പറഞ്ഞു. ആ കാര്യം പൊതുവത്കരിച്ചാൽ, അത് ആരോടാണ് പറഞ്ഞതെന്ന് വ്യക്തമാക്കിയില്ലെങ്കിൽ, അത്അ പകടകരമായ ഒരു കാര്യമായി മാറും. സർക്കാർ ഗൈബത്തിൽ പോകുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് എന്നോട് അരുളി, “നീ ആരെ ഉപേക്ഷിക്കുന്നുവോ, നാമും അവനെ ഉപേക്ഷിക്കും.” ഇപ്പോൾ എല്ലാ ദാക്കിരീങ്ങളും ഈ കാര്യം സ്വന്തം കാര്യമായി എടുത്താൽ എന്താകും അവസ്ഥ?
അതുപോലെ വിശുദ്ധ ഖുർആനിൽ പറയുന്ന കാര്യങ്ങൾ ആരോടാണ് അഭിസംബോധന ചെയ്യുന്നതെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. മുഅ്മിനീങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ, “യാ അയ്യുഹല്ലസീന ആമനൂ” (ഹേ മുഅ്മിനീങ്ങളെ) എന്ന് പറയുന്നു. പിന്നീട് അവർക്ക് ഉപദേശം നൽകുന്നു. മനുഷ്യരാശിയെ അഭിസംബോധന ചെയ്യുമ്പോൾ “യാ അയ്യുഹന്നാസ്” (ഹേ ജനങ്ങളേ) എന്ന് പറയുന്നു.
നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ അല്ലാഹു ഇങ്ങനെ പറയുന്നത്, “യാ അയ്യുഹൽ മുഖർറബീൻ” (ഹേ മുഖർറബീങ്ങളേ), “യാ അയ്യുഹസ്സ്വാലിഹീൻ” (ഹേ സ്വാലിഹീങ്ങളെ) എന്നൊക്കെ? ഇല്ല. കാരണം, ഈ വിഭാഗങ്ങൾക്ക് ഉപദേശത്തിന്റെ ആവശ്യമില്ല. അവർക്ക് അല്ലാഹുവുമായി നേരിട്ടുള്ള ബന്ധമാണുള്ളത്.
ഇവിടെ ‘കൂടെയുണ്ട്’ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഒരാളുടെ കൂടെ ആയിരിക്കുക. ഞാൻ പറയുകയാണ് ഞാൻ നിങ്ങളുടെ കൂടെയുണ്ട് എന്ന്.
ഇവിടെ ആളുകൾക്ക് തെറ്റിദ്ധാരണയുണ്ടാകുന്നു. എന്നിട്ട് അവർ തങ്ങളെത്തന്നെ എന്തൊക്കെയോ ആണെന്ന് കരുതാൻ തുടങ്ങുന്നു. അല്ലാഹു നമ്മുടെ കൂടെയുണ്ട്. എവിടെയാണ് അല്ലാഹു നിങ്ങളുടെ കൂടെ? നിങ്ങൾ ഹിദായത്ത് ലഭിച്ചവരല്ല. എന്നിട്ടും നിങ്ങൾ പറയുന്നു അല്ലാഹു നിങ്ങളുടെ കൂടെയുണ്ടെന്ന്. നിങ്ങൾക്ക് സ്വന്തം ഈമാനിൽ പോലും ഉറപ്പില്ല. എന്നിട്ടും പറയുന്നു അല്ലാഹു നമ്മുടെ കൂടെയുണ്ടെന്ന്. അല്ലാഹു നമ്മുടെ ഹൃദയത്തിണ്ടെന്ന്. എവിടെയാണ് നിങ്ങളുടെ ഹൃദയത്തിൽ?
ആത്മീയ അറിവുകൾ അത്ര വ്യക്തതയോടെയും വിശദമായും അറിയില്ലായിരുന്ന ധാരാളം സൂഫികൾ കഴിഞ്ഞുപോയിട്ടുണ്ട്. പ്രത്യേകിച്ചും പുസ്തകങ്ങൾ വായിച്ച് സൂഫികളായവർ. അവർക്ക് ആത്മീയ അനുഭവം, ആത്മീയ ദർശനം ഒന്നും ഉണ്ടായിട്ടില്ല. അവർക്ക് ഒരു മുർഷിദെ കാമിൽ (പരിപൂർണ്ണനായ ഗുരു) ഉണ്ടായിരുന്നില്ല. തസ്കിയയെ നഫ്സ് (നഫ്സിന്റെ ശുദ്ധീകരണം) എന്ന അവസ്ഥയിലൂടെ കടന്നുപോയില്ല. ഹൃദയത്തിന്റെ ഉണർവ്വിനെക്കുറിച്ച് അറിവില്ല. അങ്ങനെയുള്ള ആളുകൾ മൗലാന റൂമിയുടെ പുസ്തകങ്ങൾ വായിച്ച്, അതിന്റെ തർജ്ജമകൾ വായിച്ച്, സൂഫിസത്തെക്കുറിച്ച് ഒരു ഫിലോസഫിക്കൽ ആശയം കൊണ്ടുവരുന്നു.
എന്നിട്ട് അവർ ഈ ആയത്ത് കാണുന്നു, “വഫീ അൻഫുസിക്കും അഫലാ തുബ്സിറൂൻ” (ഞാൻ നിങ്ങളുടെ ഉള്ളിലുണ്ട്, നിങ്ങൾ കാണുന്നില്ലേ?).
ഇത്തരത്തിലുള്ള ഓറിയന്റലിസ്റ്റ് സൂഫികൾ പറയുന്നത് അല്ലാഹു എല്ലാ മനുഷ്യരുടെ ഉള്ളിലും ഉണ്ടെന്നാണ്. അതിന്റെ വിശദീകരണം അറിയേണ്ടത് ആവശ്യമാണല്ലോ. എന്താണ് അതിന്റെ വിശദീകരണം? “വഫീ അൻഫുസിക്കും”, ഞാൻ നിങ്ങളുടെ നഫ്സുകളുടെ മറയ്ക്ക് പിന്നിലുണ്ട്. “അഫലാ തുബ്സിറൂൻ”, നിങ്ങൾ ബസീറത്ത് (അകക്കണ്ണ്) കരസ്ഥമാക്കൂ.

ആളുകൾ ഇതിന് അർത്ഥം നൽകിയത് “എങ്കിൽ ഉള്ളിലേക്ക് നോക്കൂ” എന്നാണ്. നോക്കുന്നതിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ആരും കുപ്പായത്തിനുള്ളിലേക്ക് തലയിട്ട് നോക്കുകയല്ലല്ലോ വേണ്ടത്. അല്ലാഹു തആല പറയുന്നത് ആ ബസീറത്ത് (അകക്കണ്ണ്) കരസ്ഥമാക്കൂ എന്നാണ്. ആ അകക്കണ്ണ് കൊണ്ട് ഉദ്ദേശിക്കുന്നത് ‘ലത്തീഫയെ അന’ യുടെ കാഴ്ചയാണ്. ഈ ബാഹ്യമായ കണ്ണുകൾക്ക് അല്ലാഹുവിനെ കാണാൻ കഴിയില്ല. ദീദാർ (ദൈവദർശനം) ഉണ്ടാകണമെങ്കിൽ, ലത്തീഫയെ അനയുടെ കാഴ്ച വഴിയേ സാധ്യമാകൂ.
