ഖുർആനിൽ പറഞ്ഞിട്ടുണ്ട്,
وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ وَنَعۡلَمُ مَا تُوَسۡوِسُ بِهِۦ نَفۡسُهُۥۖ وَنَحۡنُ أَقۡرَبُ إِلَيۡهِ مِنۡ حَبۡلِ ٱلۡوَرِيدِ 
(ഖുർആൻ 50:16) 

കഴുത്തിലെ പ്രധാന രക്തക്കുഴലിനെ ഖുർആനിൽ ഹബ്’ലുൽ വരീദ് എന്ന് പറഞ്ഞിരിക്കുന്നു. 

അറബി ഭാഷയിൽ രക്തക്കുഴലുകൾക്ക് രണ്ട് വാക്കുകളുണ്ട്. ഒന്ന് ‘ശരിയാൻ’ മറ്റൊന്ന് ‘വരീദ്’. ശരിയാൻ (ധമനി) ഹൃദയത്തിൽ നിന്നും ശുദ്ധരക്തം  കൊണ്ടുപോകുന്നു. വരീദ് (സിര) അശുദ്ധ രക്തം ഹൃദയത്തിലേക്ക് കൊണ്ടുപോകുന്നു. അപ്പോൾ ഹബ്’ലുൽ വരീദ് എന്നതിൻ്റെ അർത്ഥമെന്താണ്? ഞാൻ നിന്നെ നിൻ്റെ ഹൃദയത്തിനരികിൽ കണ്ടുമുട്ടും എന്ന്. കാരണം വരീദ് ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ധമനികൾ ഹൃദയത്തിൽ നിന്ന് പുറത്തേക്ക് പോകുന്നു. സിരകൾ (വരീദ്) ഹൃദയത്തിലേക്ക് പോകുന്നു. അവിടെ ഞാൻ കണ്ടുമുട്ടും.

അല്ലാഹു തആല പറഞ്ഞു; ഖൽബെ മുഅ്മിൻ അർശുല്ലാഹ്. (മുഅ്മിനിന്റെ ഖൽബ് അല്ലാഹുവിന്റെ അർശ് (സിംഹാസനം) ആകുന്നു.)

നീ മുഅ്മിൻ ആയാലല്ലേ നിൻ്റെ ഖൽബ് അല്ലാഹുവിന്റെ അർശ് ആകുകയുള്ളൂ?

അല്ലാഹു തആല ഖുർആനിൽ ഞാൻ നിങ്ങളുടെ കഴുത്തിലെ രക്തക്കുഴലിനേക്കാൾ (ഹബ്’ലുൽ വരീദിനേക്കാൾ) സമീപസ്ഥനാണ് എന്ന് പറഞ്ഞതിൻ്റെ അർത്ഥം, ആരൊക്കെയാണോ അല്ലാഹുവിനെ തങ്ങളുടെ ഹൃദയത്തിൽ കുടിയിരുത്തിയത്, അല്ലാഹു അവരുടെ ആ രക്തക്കുഴലിനേക്കാൾ സമീപസ്ഥനാണ് എന്നാണ്. എല്ലാവരുടെയും ഹൃദയത്തിനടുത്തുള്ള രക്തക്കുഴലിന്റെ സമീപം അല്ലാഹു ഉണ്ടെങ്കിൽ, പിന്നെ എന്തിനാണ് സ്വർഗ്ഗവും നരകവും? നിങ്ങളുടെ ഹൃദയത്തിന് സമീപം അല്ലാഹു ഉണ്ടെങ്കിൽ നിങ്ങൾ നരകത്തിൽ പോകുമോ? അപ്പോൾ ഇതൊരു സാധ്യതയെക്കുറിച്ചാണ് പറയുന്നത്. ഒരു സാധ്യതയാണത്.

അതായത്, അല്ലാഹു പറയുന്നു, നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ, എൻ്റെ വിലാസം ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം. നിങ്ങൾ നിങ്ങളുടെ ഹൃദയത്തിനപ്പുറം പോകരുത്.

ഒരിടത്ത് ഒരു മനുഷ്യനുണ്ടായിരുന്നു. അല്ലാഹുവിനെ തേടുന്ന ഒരാൾ. അല്ലാഹുവിനെ ആഗ്രഹിക്കുന്നവൻ. അല്ലാഹുവിനെ കാടുകളിൽ കണ്ടെത്താൻ കഴിയുമെന്ന് അയാൾ കേട്ടു. വർഷങ്ങളോളം അയാൾ കാടുകളിൽ ചെലവഴിച്ചു. പക്ഷേ അല്ലാഹുവിനെ കിട്ടിയില്ല. പിന്നെ അയാൾ കേട്ടു, അല്ലാഹുവിനെ പർവതങ്ങളിൽ, ഗുഹകളിൽ കണ്ടെത്താൻ കഴിയുമെന്ന്. അയാൾ അങ്ങോട്ട് പോയി. വർഷങ്ങളോളം അവിടെയും ചെലവഴിച്ചു. അല്ലാഹുവിൻ്റെ യാതൊരു അടയാളവും കണ്ടില്ല. പിന്നെ അയാൾ കേട്ടു, അല്ലാഹു തആല വെള്ളത്തിലാണ് ഉള്ളതെന്ന്. അയാൾ വർഷങ്ങളോളം നദികളിൽ ഇരുന്നു. എന്നിട്ടും അല്ലാഹുവിൻ്റെ യാതൊരു അടയാളവും കണ്ടില്ല. അവസാനം അദ്ദേഹത്തിന്റെ മരണവേള അടുത്തപ്പോൾ, വളരെ നിരാശയോടെ അദ്ദേഹം പറഞ്ഞു, “അല്ലാഹുവേ, ഞാൻ എൻ്റെ ജീവിതകാലം മുഴുവൻ നിന്നെ ഒരുപാട് അന്വേഷിച്ചു. എനിക്ക് നിന്നെ കിട്ടിയില്ല. നീ എവിടെയാണ് ഉള്ളത്?”

അപ്പോൾ അല്ലാഹുവിൻ്റെ ശബ്ദം വന്നു, “വിഡ്ഢീ, ഞാൻ ഹൃദയങ്ങളിലാണ് വസിക്കുന്നത്. നീ അവിടെയും ഇവിടെയും അന്വേഷിച്ചു. നിൻ്റെ ഉള്ളിലേക്ക് മാത്രം നോക്കിയില്ല.”

ആരൊക്കെയാണോ അല്ലാഹുവിനെ തങ്ങളുടെ ഹൃദയത്തിൽ കുടിയിരുത്തിയത്, ആ ആളുകളുടെ ഹബ്’ലുൽ വരീദിനോടാണ് അല്ലാഹു അടുത്തുള്ളത്. എല്ലാവരുടെയും ഹബ്’ലുൽ വരീദിനോട് അല്ല.

وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ وَنَعۡلَمُ مَا تُوَسۡوِسُ بِهِۦ نَفۡسُهُۥۖ وَنَحۡنُ أَقۡرَبُ إِلَيۡهِ مِنۡ حَبۡلِ ٱلۡوَرِيدِ
(ഖുർആൻ 50:16)

ഇവിടെ അല്ലാഹു തആല ഈ ആയത്തിൽ എഴുതിയ കാര്യം ഇതാണ്, “വ ലഖദ് ഖലഖ്നൽ ഇൻസാന.” അതായത്, ‘തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.’

നിങ്ങളുടെ കയ്യിൽ ബിഎംഡബ്ല്യു, അല്ലെങ്കിൽ മെഴ്സിഡസ്, അല്ലെങ്കിൽ ഔഡി തുടങ്ങിയ വണ്ടികളുണ്ടെങ്കിൽ, നിങ്ങൾക്ക് മറ്റെവിടെ നിന്നും ഇവയുടെ സർവീസ് ചെയ്യാൻ കഴിയില്ല. ടയർ പോലും മാറ്റാൻ കഴിയില്ല. ബിഎംഡബ്ല്യുക്കാർ തന്നെ അത് ചെയ്യണം. അല്ലെങ്കിൽ മെഴ്സിഡസുകാർ തന്നെ ചെയ്യണം. കാരണം നിർമ്മാതാവിനേക്കാൾ കൂടുതൽ തൻ്റെ ഉത്പ്പന്നത്തെക്കുറിച്ച് മറ്റാർക്കും അറിയില്ല. അതുകൊണ്ടാണ് അല്ലാഹു തആലയും പറയുന്നത്, “വ ലഖദ് ഖലഖ്നൽ ഇൻസാന.” നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. “വ നഅ്ലമു മാ തുവസ്വിസു ബിഹി നഫ്സുഹു.” നാം അവനെ ഉണ്ടാക്കി, നാം അവനെ സൃഷ്ടിച്ചു. അവൻ്റെ നഫ്സിൽ വരുന്നതും പോകുന്നതുമായ ചിന്തകളെക്കുറിച്ച് നമുക്ക് നന്നായി അറിയാം. അവന് എന്ത് ചിന്തകളാണ് വരുന്നതെന്ന് നമുക്കറിയാം.

എന്നാൽ, ഈ ആയത്ത് ആർക്കുവേണ്ടിയുള്ളതാണ്? ഈ ആയത്തിൽ അല്ലാഹു തആല പറയുന്നത് മുഹമ്മദ് റസൂലുല്ലാഹി (സ) യുടെ മഹത്വത്തെക്കുറിച്ചാണ്.

“നാം അങ്ങയെയാണ് സൃഷ്ടിച്ചത്. അങ്ങയുടെ ഉള്ളിൽ വരുന്ന ചിന്തകളെക്കുറിച്ച് നമുക്കറിയാം.” എന്തുകൊണ്ട് അറിയാം? ‘വ നഹ്നു അഖ്റബു ഇലൈഹി മിൻ ഹബ്ലിൽ വരീദ്.’ ‘കാരണം നാം അങ്ങയുടെ ഹൃദയത്തിനരികിലാണ് വസിക്കുന്നത്.”

അല്ലാഹു തആല നിൻ്റെ ഹൃദയത്തിനരികിലാണ് വസിക്കുന്നത് എന്ന് നിങ്ങളോടാണോ പറഞ്ഞത്? ഇത് റസൂലുല്ലാഹി (സ) യുടെ മഹത്വത്തിനെക്കുറിച്ച് പറഞ്ഞ കാര്യമാണ്. നാം അങ്ങയുടെ ഖൽബിനരികിലാണ് വസിക്കുന്നത് എന്ന്.

ഒരു ദിവസം പെട്ടെന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എൻ്റെ നാവിൽ നിന്ന് സർക്കാർ ഗോഹർ ഷാഹിയുടെ ശബ്ദം വന്നു. ഞാൻ പരിഭ്രമിച്ചു. ഇതെന്താണ് സംഭവിക്കുന്നത്? അപ്പോൾ ഞാൻ സർക്കാരിനെ ഫോൺ ചെയ്തു. സർക്കാർ, അങ്ങയുടെ ശബ്ദം എൻ്റെ വായിൽ നിന്ന് പുറത്തുവരുന്നു. അപ്പോൾ സർക്കാരും ഇതുതന്നെയാണ് അരുളിയത്, “നാം നിൻ്റെ ഖൽബിലാണ് വസിക്കുന്നത്.”

ഖൽബിൽ വസിക്കുക എന്നത് വളരെ പ്രത്യേകതയുള്ള ഒരു കാര്യമാണ്. ഈ മഖാമെ വസ്‌ൽ (ആത്മീയമായി അല്ലാഹുവുമായി ഒന്നിക്കുന്ന അവസ്ഥ) എന്ന അവസ്ഥ വിചിത്രമാണ്.
ഞാൻ അവരുടെ കൈ ആയി മാറുന്നു, കാലായി മാറുന്നു, നാവായി മാറുന്നു, കണ്ണായി മാറുന്നു എന്ന് അല്ലാഹു പറയുന്നതിന്റെ അർത്ഥമെന്താണ്?

ഒരിക്കൽ ഒരാൾ സർക്കാർ ഗോഹർ ഷാഹിയുടെ അടുത്തേക്ക് പോയി. അയാൾ സർക്കാരിന് കവിളിൽ ഒരു ചുംബനം നൽകി. ആ മനുഷ്യൻ താഴേക്ക് വന്നു. ഞാൻ എൻ്റെ മുറിയിൽ ഇരിക്കുകയായിരുന്നു. അവൻ വളരെ സന്തോഷത്തോടെ പറയാൻ തുടങ്ങി, “ഇന്ന് എന്താണ് സംഭവിച്ചതെന്നറിയുമോ…” അപ്പോൾ ഞാൻ പറഞ്ഞു, “ഞാനെങ്ങനെ അറിയാതിരിക്കും? എൻ്റെ കവിളിൽ ആ ചുംബനത്തിൻ്റെ ചൂട് ഇപ്പോഴും ഉണ്ട്.” ഇത് കേട്ട ആ മനുഷ്യൻ സർക്കാരിന്റെ മുറിയിലേക്ക് തിരികെ ഓടിപ്പോയി. എന്നിട്ട് സർക്കാരിനോട് ചോദിച്ചു;” സർക്കാർ, യൂനുസിന് ഇതെങ്ങനെ മനസ്സിലായി?”

അപ്പോൾ ഇതാണ് മഖാമെ വസ്‌ലിൽ സംഭവിക്കുന്നത്. നിങ്ങൾ മഖാമെ വസ്‌ലിലാണെങ്കിൽ, ആരെങ്കിലും നിന്നെ സ്പർശിച്ചാൽ, റബ്ബിന് നിൻ്റെ സ്പർശനം അനുഭവപ്പെടും. ഇതാണ് കൈയ്യായി മാറുക, കാലായി മാറുക എന്നതിന്റെ അർത്ഥം. ആരെങ്കിലും നിൻ്റെ കൈകാലുകൾ തിരുമ്മിയാൽ, അല്ലാഹുവിൻ്റെ മഹത്വം കൊണ്ട് സത്യം, അവൻ നിൻ്റെ കൈകാലുകളല്ല, റബ്ബിൻ്റെ കൈകാലുകളാണ് തിരുമ്മുന്നത്.

ഇതിനെപ്പറ്റി ഖുർആനിൽ പറയുന്നുണ്ട്. ഖുർആനിൽ അല്ലാഹു പറയുന്നു, ‘യാ റസൂലുല്ലാഹ് (സ), ബൈഅത്തെ രിള്‌വാൻ്റെ സന്ദർഭത്തിൽ (ഹുദൈബിയ സന്ധിക്ക് മുമ്പായി നബി (സ) നടത്തിയ പ്രതിജ്ഞ), മുഅ്മിനീങ്ങൾ അവരുടെ കൈ അങ്ങയുടെ കൈയ്യിൽ വെച്ചപ്പോൾ, അത് അങ്ങയുടെ കൈ അല്ല, എൻ്റെ കൈ ആയിരുന്നു.

ആളുകൾ ഖുർആൻ ശരിയായി പഠിച്ചിട്ടില്ല, ശരിയായി ഹദീസുകൾ പഠിച്ചിട്ടില്ല. അതിനാൽ, ഈ കാര്യങ്ങൾ എന്നിൽ നിന്ന് കേൾക്കുമ്പോൾ അവർ പറയുന്നു, ഇയാൾ ഖാദിയാനിയാണ്, മിർസായിയാണ്, കാഫിറാണ്, മുനാഫിഖാണ്, സിന്ദീഖാണ്, ഇസ്‌ലാമിൻ്റെ ശത്രുവാണ്. ഇസ്‌ലാമിൻ്റെ ശത്രു വിശുദ്ധ ഖുർആനിൽ നിന്ന് തെളിവുകൾ നൽകില്ലല്ലോ. ഇസ്‌ലാമിൻ്റെ ശത്രു റസൂലുല്ലാഹി (സ)യുടെ ഹദീസുകൾ പറയില്ലല്ലോ. ആരുടെ ഹൃദയങ്ങളിലാണോ ഈമാൻ ഇല്ലാത്തത്, നൂർ ഇല്ലാത്തത്, അവർ ഇങ്ങനെയുള്ള അസംബന്ധങ്ങൾ പറയും.

അല്ലാഹുവിനെ കണ്ടെത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി ഞാൻ ഇവിടെ ഇരിക്കുന്നു. അവർ ഇങ്ങോട്ട് വരട്ടെ. ആരുടെ വിധിയിലാണോ അല്ലാഹു ഇല്ലാത്തത്, അവരെ ഞാൻ വിളിക്കാനും ആഗ്രഹിക്കുന്നില്ല. അവർ എവിടെ വേണമെങ്കിലും പോകട്ടെ. ആരാണ് തന്നെ നല്ലവനെന്ന് വിളിക്കുന്നതെന്നോ, ആരാണ് തന്നെ മോശക്കാരനെന്ന് വിളിക്കുന്നതെന്നോ ഒരു ഫഖീർ ശ്രദ്ധിക്കുന്നില്ല. അവർ തന്നെ പുകഴ്ത്തുന്നു എന്നതുകൊണ്ട് മാത്രം അവൻ ആളുകളെ അടുപ്പിക്കുകയുമില്ല, അവർ തന്നെ പുകഴ്ത്തുന്നില്ല എന്നതുകൊണ്ട് അവൻ ആളുകളെ അകറ്റുകയുമില്ല.