ഹജ്ജിൽ കഅ്ബയെ ഏഴുതവണ ത്വവാഫ് ചെയ്യുന്നത് എന്തിന്?

ത്വവാഫ് എന്തിനാണെന്നാൽ, നിങ്ങളുടെ ഉള്ളിൽ ഏഴ് ‘ലതായിഫുകൾ’ (ആത്‌മീയ കേന്ദ്രങ്ങൾ) ഉണ്ട്. ഓരോ ത്വവാഫിലും ബൈത്തുൽ മഅ്‌മൂറിൽ നിന്നുള്ള തജല്ലി (ദൈവിക പ്രകാശം) നിങ്ങളുടെ ഓരോ ലതായിഫിലും പതിക്കണം. നിങ്ങൾക്ക് ലതായിഫുകളെ കുറിച്ച് യാതൊരു അറിവുമില്ലെങ്കിൽ, നിങ്ങളുടെ ലതായിഫുകൾ ഉണർന്നിട്ടില്ലെങ്കിൽ, നിങ്ങളുടെ ഏഴ് ത്വവാഫുകളും പാഴായിപ്പോയില്ലേ? ഒരു ത്വവാഫിൽ പോലും തജല്ലി പതിച്ചില്ല. എന്നിട്ടും നിങ്ങൾ സ്വയം ഒരു ഹാജിയായി കരുതുന്നു. അതുകൊണ്ടാണ് ഹജ്ജ് ചെയ്തതിനു ശേഷം അഹങ്കാരം വന്നത്. കാരണം അവിടെ ഒന്നും സംഭവിച്ചില്ല.

 


നിങ്ങൾ ഒരു ഹാജിയാണെന്നും നിങ്ങളുടെ എല്ലാ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നു എന്നുമുള്ള ഒരു ചിന്ത നിങ്ങളുടെ മനസ്സിൽ കയറിക്കൂടി. എല്ലാ പാപങ്ങളും പൊറുക്കപ്പെട്ടാൽ, പാപം ചെയ്യാനുള്ള ആഗ്രഹം ഇല്ലാതാകും. അതുകൊണ്ട്, പാപം ചെയ്യാനുള്ള ആഗ്രഹം ഹജ്ജിന് ശേഷവും ഉണ്ടോ ഇല്ലയോ എന്ന് സ്വയം പരിശോധിച്ചു നോക്കുക. പാപം ചെയ്യാനുള്ള ആഗ്രഹം ഇപ്പോഴും നിങ്ങളിലുണ്ടെങ്കിൽ, നിങ്ങളുടെ ഹജ്ജ് സ്വീകരിക്കപ്പെട്ടിട്ടില്ല.


ഈദുൽ അദ്ഹ: നഫ്സിൻ്റെ ബലി

ഹജ്ജ് ഒരു ലോട്ടറി പോലെയാണ്. ലക്ഷക്കണക്കിന് ആളുകളിൽ ഏതെങ്കിലും ഒന്നോ രണ്ടോ പേരുടെ ഹജ്ജ് സ്വീകരിക്കപ്പെടുന്നു. എന്നാൽ ശരിയായ ഹജ്ജ്, പണം കയ്യിൽ വരുമ്പോൾ എടുത്തു ചാടി പോകുന്നതല്ല. കഅ്ബയുടെ ത്വവാഫുകൾ ഏഴെണ്ണമാണ്. എന്തുകൊണ്ടാണ് ഏഴെണ്ണം? കാരണം നിങ്ങളുടെ നെഞ്ചിൽ ഏഴ് ലതായിഫുകൾ ഉണ്ട്. ഓരോ ത്വവാഫിനും ഓരോ ലതായിഫിൽ തജല്ലി പതിക്കണം.

അവിടെ നിങ്ങൾ, ഈദുൽ അദ്ഹ എന്ന് പറയുന്ന ബലിപെരുന്നാളിന്, മൃഗത്തെ അറുക്കുന്നു. യഥാർത്ഥത്തിൽ അവിടെ സ്വന്തം നഫ്സിൻ്റെ ഖുർബാനി (ബലി) ആണ് നൽകേണ്ടത്. നഫ്സിൻ്റെ കഴുത്ത് അറുക്കപ്പെടണം. നഫ്സിനെ ശുദ്ധീകരിച്ച് ഹജ്ജിന് പോകുമ്പോഴാണ് നഫ്സിൻ്റെ കഴുത്ത് അറുക്കപ്പെടുകയുള്ളൂ. നഫ്സിനെ ശുദ്ധീകരിച്ച് ഹജ്ജിന് പോകുമ്പോൾ മാത്രമേ അത് സംഭവിക്കുകയുള്ളൂ.

ഈദുൽ അദ്ഹ വന്നിരിക്കുന്നു. ആടിനെ ബലിയർപ്പിക്കുന്നു. നിങ്ങൾ ചെയ്ത ആ ബലി, മൃഗത്തിൻ്റെ ബലിയാണ്.

നിങ്ങളുടെ നഫ്സിനെ ബലിയർപ്പിക്കൂ. അള്ളാഹു തആല പറഞ്ഞു, “ഫഖ്തലൂ അൻഫുസകും“. (നിങ്ങളുടെ നഫ്സുകളെ കൊല്ലുക.)

അതിനുശേഷം മറ്റൊരു കാര്യം കൂടി പറഞ്ഞു, “ദാഅ നഫ്സിക വ തആൽ”.

“ദാഅ”

ഈ “അൽവിദാ” എന്ന വാക്ക്, “ദാഅ” യിൽ നിന്നാണ് വന്നത്.

“ദാഅ” എന്നതിൻ്റെ അർത്ഥം ഉപേക്ഷിക്കുക എന്നാണ്. “ദാഅ നഫ്സിക” – നിൻ്റെ നഫ്സിനെ ഉപേക്ഷിക്കൂ, “വ തആൽ” – എൻ്റെ അടുത്തേക്ക് വരൂ.

ഫഖ്തലൂ അൻഫുസകും” – നിങ്ങളുടെ നഫ്സുകളെ കൊല്ലുക.

നിങ്ങളെ കൊല്ലുന്നതിനെക്കുറിച്ചല്ല പറയുന്നത്.

പിന്നെ ഖുർആൻ ഇതും പറഞ്ഞു, “ഖദ് അഫ്‌ലഹ മൻ സക്കാഹാ, വ ഖദ് ഖാബ മൻ ദസ്സാഹാ, ഫൽഹമഹാ ഫുജൂറഹാ വ തഖ്‌വാഹാ“.

ഈ ഹജ്ജ് വളരെ വലിയ ഒരു ഇബാദത്താണ്. അവിടെ പോയിവന്ന് ഹാജിയായി എന്നതുകൊണ്ട് ഒരു വ്യത്യാസവും വരുന്നില്ല. ഏഴ് തവണ ചുറ്റുന്നു. എന്തിനാണ് ചുറ്റുന്നത് എന്ന് അറിയണമല്ലോ. വെറുതെ ചുറ്റിയിട്ട് വന്നാൽ എന്ത് പ്രയോജനം?

ഇന്ന് ആളുകൾ ഞാൻ പത്ത് ഹജ്ജ് ചെയ്തു എന്നൊക്കെ പറയുന്നുണ്ട്. അവരോട് ചോദിക്കൂ, എന്തിനാണ് നിങ്ങൾ പത്ത് ഹജ്ജ് ചെയ്തതെന്ന്? അവർ പറയും, എത്ര ചെയ്താലും നല്ലതല്ലേ എന്ന്. ഇത് ആ കഥ പോലെയായി. ഒരു കുട്ടിയോട് ചോദിച്ചു, “നീ എത്രത്തോളം കഴിവുള്ളവനാണ്, എത്രത്തോളം ബുദ്ധിമാനാണ്?” അവൻ പറഞ്ഞു, “പത്താം ക്ലാസ്സിൽ ഞാൻ പത്ത് വർഷം ഇരുന്നിട്ടുണ്ട്.” പത്താം ക്ലാസ്സിൽ പത്ത് വർഷം. അവൻ എത്ര ബുദ്ധിമാനാണ്! പത്താം ക്ലാസ്സിൽ പത്ത് വർഷം ഇരുന്നു.

അപ്പോൾ നിങ്ങൾ എന്തിനാണ് പത്ത് ഹജ്ജ് ചെയ്യുന്നത്? കാരണം നിങ്ങൾക്ക് ആദ്യത്തെ ഹജ്ജിലും ലക്ഷ്യം നേടാനായില്ല, രണ്ടാമത്തേതിലും ലക്ഷ്യം നേടാനായില്ല. മൂന്നാമത്തേതിലും ഇല്ല, പത്താമത്തേതിലും ഇല്ല.

ഹജ്ജ് വലിയ ഒരു ഇബാദത്താണ്. അവിടെ പോയി നിങ്ങൾ കല്ലെറിയുന്നു. അത് ശൈത്താനാണോ? കല്ലെറിയുന്നതിൻ്റെ അർത്ഥം ഇതാണ്, എവിടെയെല്ലാം ശൈത്താൻ എന്നെ വഴിതെറ്റിക്കുമോ, അവിടെയെല്ലാം ഞാൻ അവനെ ഇതുപോലെ കല്ലെറിയും. കല്ലെറിയുക എന്നതിനർത്ഥം അവനെ ആക്ഷേപിക്കും എന്നാണ്.

സ്വന്തം നഫ്സിനെ ശുദ്ധീകരിക്കണം, ഖൽബിനെ ഉണർത്തണം, ഈ കാര്യങ്ങളെ പ്രകാശപൂരിതമാക്കിയിട്ട് വേണം ഹജ്ജിന് പോകാൻ. അതാണ് ഹജ്ജ്. അതുപോലെ കഅ്ബയ്ക്ക് ഒരു റൂഹ് കൂടിയുണ്ട്. ഏതെങ്കിലും ഒരു മുഅ്മിൻ കഅ്ബയെ ത്വവാഫ് ചെയ്യുമ്പോൾ, ആ റൂഹ് ത്വവാഫ് ചെയ്യുന്നവനെ ത്വവാഫ് ചെയ്യും. ഒരു മുഅ്മിനാണ് ത്വവാഫ് ചെയ്യുന്നതെങ്കിൽ. അത് ഞാൻ കണ്ടിട്ടുണ്ട്, അല്ലാഹുവാണെ സത്യം.

ഖൽബെ മുഅ്മിൻ ബൈത്തു റബ്ബ്, ഖൽബെ മുഅ്മിൻ അർശുള്ള.” (മുഅ്മിനിന്റെ ഖൽബ് റബ്ബിന്റെ ഭവനമാണ്. മുഅ്മിനിന്റെ ഖൽബ് അല്ലാഹുവിന്റെ അർശാണ്.)

 


‘കഴിവുള്ളവർ വിശുദ്ധ മക്കയിൽ പോയി ഹജ്ജ് ചെയ്യുക’ :
 എന്താണ് ഈ കഴിവ് ?

ഖുർആനിൽ ഉണ്ടല്ലോ, കഴിവുള്ളവർ (ഇസ്തിതാഅത്ത്) ഉള്ളവർ ഹജ്ജ് ചെയ്യട്ടെ എന്ന്. എല്ലാവർക്കും ഹജ്ജിന് പോകാൻ കഴിയില്ലല്ലോ. ചിലർ കാൽനടയായി പോലും ഹജ്ജിന് പോകാറുണ്ട്. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നും ആളുകൾ കാൽനടയായി ഹജ്ജിന് പോയിട്ടുണ്ട്. സാമ്പത്തികമായ കഴിവില്ലാത്തവർ കാൽനടയായി പോയി.

ഹജ്ജിന്റെ വിഷയം എല്ലാവർക്കുമുള്ളതല്ല. കഴിവുള്ളവർ എന്ന് പറഞ്ഞാൽ നിങ്ങളുടെ കയ്യിൽ യാത്രക്ക് വേണ്ട പണം ഉണ്ട് എന്നല്ല അർത്ഥം. കാരണം ഈ ആയത്ത് ഇറങ്ങിയപ്പോൾ ആളുകൾ മക്കയുടെ അടുത്തൊക്കെയായിരുന്നു താമസിച്ചിരുന്നത്. മൗലവിമാർ പറയുന്നത് ‘കഴിവുണ്ടാകുക’ എന്നാൽ യാത്രക്ക് വേണ്ട പണം കയ്യിലുണ്ടാവുക എന്നാണെന്ന്. അത് ഇന്നത്തെ കഥയല്ലേ? ഇന്ന് നിങ്ങൾക്ക് വിമാന ടിക്കറ്റ് വാങ്ങണം, ഹോട്ടൽ ബുക്ക് ചെയ്യണം. ഈ ആയത്ത് ഇറങ്ങിയ സമയത്ത് എല്ലാവരും കഅ്ബയുടെ പരിസരത്തായിരുന്നു താമസിച്ചിരുന്നത്. അപ്പോൾ എന്തായിരുന്നു ഈ കഴിവുണ്ടാകൽ?

ആ ഇസ്തിതാഅത്ത് (ഹജ്ജ് ചെയ്യാനുള്ള കഴിവ്) നിങ്ങളുടെ കയ്യിൽ പോകാനുള്ള പണമോ, ടിക്കറ്റോ, ഹോട്ടലിനുള്ള പണമോ ഉണ്ടാവുക എന്നതല്ല. ആ കഴിവ്, ഇസ്തിതാഅത്ത്, അത് ബാത്വിനിന്റേതാണ് (ആന്തരികമാണ്). എപ്പോഴാണോ നിങ്ങളുടെ ഈ ഏഴ് ലതായിഫുകളും പ്രകാശപൂരിതമാകുന്നത്, അപ്പോൾ ഹജ്ജിന് പോകുക. ഓരോ ത്വവാഫിലും ഓരോ ലതായിഫിൽ തജല്ലി പതിക്കും. ഇതാണ് ഇസ്തിതാഅത്ത്.

ലക്ഷങ്ങളും കോടികളും ഉണ്ടായാലും, ഈ ഉള്ളിലുള്ള കാര്യങ്ങൾ പ്രകാശപൂരിതമല്ലെങ്കിൽ അവിടെ പോയിട്ട് എന്ത് ചെയ്യാനാണ്? നിങ്ങൾ ഏഴ് ത്വവാഫ് ചെയ്തു. ഒന്നും സംഭവിക്കുന്നില്ല. ലതായിഫുകൾ പ്രകാശപൂരിതമാക്കിയിട്ട് പോയിരുന്നെങ്കിൽ, ഓരോ ത്വവാഫിലും ഓരോ ലത്തീഫയിൽ തജല്ലി പതിക്കുമായിരുന്നു.

 

 


ഏറ്റവും വലിയ ഹജ്ജ്

മൗലാനാ റൂമി പറഞ്ഞു, “ദിൽ ബദസ്ത് ആവർ കി ഹജ്ജ് ഇ അക്ബർ അസ്ത്.”

ഞാൻ ആദ്യം ഇതിന്റെ നേരിട്ടുള്ള പരിഭാഷ പറയാം.

“ദിൽ ബദസ്ത് ആവർ..
അതായത് ഹൃദയം നിന്റെ കൈകളിൽ വന്നാൽ..

ഇപ്പോൾ ഹൃദയം ശൈത്താന്റെ കൈകളിലാണ്.

ദിൽ ബദസ്ത് ആവർ..
ഹൃദയം നിന്റെ കൈകളിൽ വന്നാൽ (നിന്റെ നിയന്ത്രണത്തിലായാൽ), അത് നിന്റെ ഹജ്ജുൽ അക്ബർ (ഏറ്റവും വലിയ ഹജ്ജ്) ആണ്.

എന്തുകൊണ്ടാണ് അത് ഏറ്റവും വലിയ ഹജ്ജ് ആകുന്നത്? കാരണം ഒരു മുഅ്മിനിന്റെ ഹൃദയം കഅ്ബയെക്കാൾ ശ്രേഷ്ഠമാണല്ലോ (ഹദീസ്).

പിന്നെ നീ ഹജ്ജിന് പോകുമ്പോൾ നീയായിരിക്കില്ല ത്വവാഫ് ചെയ്യുന്നത്. പകരം, ആ ഹറം നിന്റെ ഹൃദയത്തെ ത്വവാഫ് ചെയ്യും. അപ്പോൾ അത് ഏറ്റവും വലിയ ഹജ്ജ് ആയില്ലേ?

ദിൽ ബദസ്ത് ആവർ കി ഹജ്ജ് ഇ അക്ബർ അസ്ത്. സദ് ഹസാരാൻ കഅ്ബ യക് ദിൽ ബെഹ്തർ അസ്ത്..

ലക്ഷക്കണക്കിന് കഅ്ബകളേക്കാൾ ശ്രേഷ്‌ഠം അല്ലാഹുവിന്റെ നാമം മുഴങ്ങുന്ന ആ ഹൃദയമാണ് (മുഅ്മിനിന്റെ ഹൃദയം). കാരണം അതിൽ അല്ലാഹുവിന്റെ നാമമാണ് മുഴങ്ങുന്നത്.

കഅ്ബ ബുനിയാദ് ഇ ഖലീൽ ഇ അസർ അസ്ത്..

ഈ കഅ്ബ ഇബ്രാഹിം നബി (അ) മണ്ണും കളിമണ്ണും കൊണ്ട് നിർമ്മിച്ചതാണ്.

ദിൽ ഗുസർഗാഹ് ഇ ജലീൽ ഇ അക്ബർ അസ്ത്..

ഈ ഹൃദയം, അത് റബ്ബ് കടന്നുപോകുന്ന സ്ഥലമാണ്. കഅ്ബയിൽ റബ്ബ് വരുന്നില്ല, ഹൃദയത്തിലാണ് റബ്ബ് വരുന്നത്.

 

 


ബലി കർമ്മം

ബലി അർപ്പിക്കാൻ മൃഗത്തെ വാങ്ങുന്നതിന് മുൻപ്, വാങ്ങാനുപയോഗിക്കുന്ന പണത്തിൽ എത്ര ഹലാലായ പണമുണ്ട്, എത്ര ഹറാമായ പണമുണ്ട് എന്ന് ചിന്തിക്കുന്നവർ ഇന്ന് എത്ര പേരുണ്ട്. അത് ചിന്തിക്കേണ്ടതല്ലേ?

ഹറാമായ പണമാണെങ്കിൽ ബലി സ്വീകരിക്കപ്പെടുമോ?

പിന്നെ രണ്ടാമത്തെ കാര്യം ഇതാണ്. ഏത് കാലഘട്ടത്തിലാണോ ഈ ബലിയുടെയൊക്കെ കല്പന വന്നത്, ആ കാലഘട്ടത്തിൽ ആളുകൾക്ക് കഴിക്കാൻ മാംസമൊന്നും കിട്ടിയിരുന്നില്ല. അത് ദാരിദ്ര്യത്തിന്റെ കാലമായിരുന്നു. ഇന്ന് ഇത്രയും മൃഗങ്ങളെ അറുത്ത് നമ്മൾ വെറുതെ പണം പാഴാക്കുകയാണ്. ബലിക്കായി നമ്മൾ ചിലവഴിക്കുന്ന പണം അനാഥരെയും നിരാലംബരെയും സംരക്ഷിക്കുന്ന പാവപ്പെട്ട സ്ഥാപനങ്ങൾക്ക് സഹായമായി നൽകുന്നതല്ലേ കൂടുതൽ നല്ലത്.

ഈ വലിയ വലിയ മൃഗങ്ങളെ അറുത്ത്, കുതിയിലധികം ഇറച്ചിയും നിങ്ങൾ നിങ്ങളുടെ ഫ്രീസറിൽ നിറച്ചുവെക്കുന്നു. എന്നിട്ട് നേരത്തെ തന്നെ വയറുനിറഞ്ഞ ആളുകൾക്ക് കൊണ്ടുപോയി മാംസം വിതരണം ചെയ്യുന്നു. ഇങ്ങനെ മൃഗങ്ങളെ അറുത്ത് വിതരണം ചെയ്യുന്നതുകൊണ്ട് മനുഷ്യത്വത്തിന് എന്ത് പ്രയോജനമാണുള്ളത്? എന്തെങ്കിലും പ്രയോജനമുണ്ടോ? അതിനേക്കാൾ നല്ലത് ദരിദ്രരും അശരണരുമായ ആളുകൾക്ക് സഹായം നൽകുന്നതല്ലേ.

 


രണ്ടുതരം അറിവുകൾ: സാധാരണ അറിവും സവിശേഷമായ അറിവും

സാധാരണ അറിവ് പറയുന്നു, എൻ്റെ ബന്ധുക്കൾക്കാണ് എൻ്റെ മേൽ അവകാശമെന്ന്. സവിശേഷമായ അറിവ് പറയുന്നു, “എല്ലാറ്റിനുമുപരി, എൻ്റെ വഴികാട്ടിയായ എൻ്റെ മുർഷിദിനാണ് എൻ്റെ മേൽ അവകാശം. ബാക്കിയെല്ലാം അതിനുശേഷമാണ്.”

ആർക്കാണോ സവിശേഷമായ അറിവുമായി ബന്ധം, അവരുടെ ചിന്ത വ്യത്യസ്തമായിരിക്കും. സവിശേഷമായ അറിവും സാധാരണ അറിവും ഒന്നിച്ചാൽ, വഴക്കും കലഹവും ഉണ്ടാകും.

സാധാരണ അറിവ് പറയുന്നത് ഹജ്ജ് ചെയ്യണമെങ്കിൽ കഅ്ബയിലേക്ക് പോകാനാണ്. സവിശേഷമായ അറിവ് പറയുന്നത്, “മടിയുള്ളവരാണ് കഅ്ബയിലേക്ക് പോകുന്നത്. കഠിനാധ്വാനം ചെയ്യാൻ കഴിയാത്തവരാണ്.” അതായത്, നഫ്സിനെ ശുദ്ധീകരിക്കാത്തവർ, ഹൃദയത്തെ ഉണർത്താൻ കഴിയാത്തവർ. അവരാണ് കഅ്ബയുടെ അടുത്തേക്ക് പോകുന്നത്. എന്നാൽ നിനക്ക് ധൈര്യമുണ്ടെങ്കിൽ എന്തിനാണ് നീ കഅ്ബയുടെ അടുത്തേക്ക് പോകുന്നത്? സ്വയം പ്രകാശിപ്പിക്കുക, അപ്പോൾ കഅ്ബ നിൻ്റെ അടുത്തേക്ക് വരും.