ആളുകൾ നമ്മളെക്കുറിച്ച് പറയുന്നതിന് നമ്മൾ അമിതമായ പ്രാധാന്യം നൽകുന്നു. അപ്പോൾ നമ്മൾ ദേഷ്യപ്പെടും, എന്നിട്ട് പറയും, ‘ഇത് തെറ്റാണ്, ഇത് നുണയാണ് ‘ എന്നൊക്കെ.
തീർച്ചയായും, അതൊരു നുണയാണ്, പക്ഷെ നിങ്ങളെന്തിനാണ് അതിൽ അസ്വസ്ഥനാകുന്നത്? നിങ്ങൾ നിങ്ങളുടെ ഊർജ്ജം പാഴാക്കുകയാണ്, നിങ്ങളുടെ സമയം പാഴാക്കുകയാണ്. ആളുകൾ എന്ത് പറയുന്നു എന്നതിന് ഒരു പുല്ലുവിലയും കൽപ്പിക്കരുത്. അവർ നിങ്ങളെ പരിഹസിക്കുന്നത് ഒരിക്കലും നിർത്തില്ല. അവർ നിങ്ങൾക്ക് വേദന നൽകുന്നത് നിർത്തില്ല. അവർ നിങ്ങൾക്ക് വേദന മാത്രമേ നൽകൂ. ഒരുപാട് ആളുകൾ നിങ്ങളെ വിമർശിക്കുന്നത് നിങ്ങളെ തടയുക എന്ന ഉദ്ദേശത്തോടെ വിമർശിക്കാൻ വേണ്ടി മാത്രമായിരിക്കും. നിങ്ങളെ സഹായിക്കാനും, നിങ്ങൾ മെച്ചപ്പെടാൻ വേണ്ടി വിമർശിക്കാനുമുള്ള സത്യസന്ധത അവർക്കില്ല. നിങ്ങളെ പിന്തിരിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
ഒരിക്കൽ ഒരച്ഛനും മകനും ഒരു കഴുതയുടെ പുറത്ത് യാത്ര ചെയ്യുകയായിരുന്നു. അതുവഴി പോയ ചിലർ പറഞ്ഞു, “നോക്കൂ, ഈ ആളുകൾ എത്ര ക്രൂരന്മാരാണ്. രണ്ടുപേരും കൂടി ഒരു പാവം കഴുതയുടെ പുറത്ത് ഇരിക്കുന്നു.” അച്ഛന് അത് ശരിയാണെന്ന് തോന്നി. അദ്ദേഹം പറഞ്ഞു, “ശരി, ഇനി കഴുതയുടെ പുറത്ത് ഒരാൾ മതി. നമുക്കിനി ഊഴമിട്ട് പോകാം. ഇനി നീ ഇരിക്ക്, ഞാൻ നടക്കാം.”
അവർ പിന്നെ മറ്റൊരു യാത്രാസംഘത്തെ കണ്ടുമുട്ടി. അവർ പറഞ്ഞു, “നീയൊരു മകനായിട്ടും നിനക്ക് നാണമില്ലേ, നിൻ്റെ അച്ഛൻ നടക്കുന്നു. നീയോ കഴുതപ്പുറത്തും..”
മകന് അത് വളരെ മോശമായി തോന്നി. അതിനാൽ മകൻ അച്ഛനോട് കഴുതപ്പുറത്ത് കയറാൻ അപേക്ഷിച്ചു, അവൻ നടന്നു. കുറച്ചു കഴിഞ്ഞ് അവർ മറ്റൊരു യാത്രാസംഘത്തെ കണ്ടുമുട്ടി. അവർ പറഞ്ഞു, “നിങ്ങളെന്തൊരു അച്ഛനാണ്? നിങ്ങളുടെ മകൻ നടക്കുന്നു, നിങ്ങളോ കഴുതപ്പുറത്ത് സവാരി ചെയ്യുന്നു.” അദ്ദേഹത്തിന് നാണക്കേടായി. എന്തുചെയ്യണമെന്നറിയാതെ അവർ രണ്ടുപേരും നടക്കാൻ തുടങ്ങി. കൂടെ കഴുതയും.
കുറച്ചു കഴിഞ്ഞ് അവർ മറ്റൊരു യാത്രാസംഘത്തെ കണ്ടുമുട്ടി. അവർ പറഞ്ഞു, “നിങ്ങൾ എന്തൊരു വിഡ്ഢികളാണ്! ഇത്രയും ദൂരം നടക്കാനായിരുന്നെങ്കിൽ, പിന്നെന്തിനാണ് നിങ്ങൾ ഒരു കഴുതയെയും കൂടെ കൊണ്ടുപോകുന്നത്?”
അതുകൊണ്ട് അവർ ഒരിക്കലും സന്തുഷ്ടരല്ല. നിങ്ങൾക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല. അതിനാൽ ആളുകളെക്കുറിച്ച് മറന്നേക്കൂ. ആളുകൾ എന്ത് പറയുന്നു എന്നതിന് ഒരു പുല്ലുവിലയും കൽപ്പിക്കരുത്. അതിനൊരു വിലയുമില്ല.
ഒരു സൂഫി എന്ന നിലയിൽ, ആളുകൾ എന്ത് പറയുന്നു അല്ലെങ്കിൽ എന്ത് ചെയ്യുന്നു എന്നതിന് നിങ്ങളുടെ ജീവിതത്തിൽ ഒരു വിലയുമില്ലെന്ന് നിങ്ങൾ മനസ്സിലാക്കുക. നിങ്ങളുടെ ഗുരു നിങ്ങളെക്കുറിച്ച് എന്ത് പറയുന്നു എന്നതാണ് പ്രധാനം. ദൈവം നിങ്ങളെക്കുറിച്ച് എന്ത് പറയുന്നു എന്നതാണ് പ്രധാനം.
അതുകൊണ്ട് ആളുകളെക്കുറിച്ച് ഒട്ടും വേവലാതിപ്പെടരുത്. നിങ്ങളുടെ സ്വന്തം കാര്യം നോക്കുക. നായകൾ കുരയ്ക്കട്ടെ.
ഒരു സൂഫി ചൊല്ലുണ്ട്, ‘നായ്ക്കൾ കുരയ്ക്കും, പക്ഷേ സൂഫി നിശ്ശബ്ദനായി കടന്നുപോകും’. അതിനാൽ നിങ്ങളും നിശ്ശബ്ദമായി കടന്നുപോകുക. ആളുകളെ ശ്രദ്ധിക്കരുത്, അവർക്ക് പ്രാധാന്യം നൽകരുത്. അവർ നിങ്ങളെ വഴിതെറ്റിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും മാത്രമേ ചെയ്യൂ.
യഥാർത്ഥത്തിൽ ഇത് ഒരു തന്ത്രമാണ്. ആളുകളിലൂടെ, നിങ്ങളുടെ സുഹൃത്തുക്കളിലൂടെ, ശൈത്താൻ നിങ്ങളുടെ മനസ്സിനെ എപ്പോഴും ഇത്തരം കാര്യങ്ങളിൽ വ്യാപൃതനാക്കി നിർത്താൻ ആഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ നിങ്ങളുടെ മനസ്സ് മറ്റൊരിടത്തും ഉപയോഗിക്കില്ല. പ്രത്യേകിച്ചും നിങ്ങൾ ദൈവത്തിന്റെ പാതയിലെ ഒരു യാത്രക്കാരനായിരിക്കുമ്പോൾ. നിങ്ങൾ എപ്പോഴും ആശയക്കുഴപ്പത്തിലായിരിക്കണമെന്ന് ശൈത്താൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ മനസ്സ് എപ്പോഴും അനാവശ്യ കാര്യങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കണം. കാരണം നിങ്ങൾക്ക് ഒരു ശുദ്ധമായ ഹൃദയവും ശുദ്ധമായ മനസ്സും ആവശ്യമാണ്. നിങ്ങളുടെ മനസ്സ് വ്യാപൃതമാണെങ്കിൽ, നിങ്ങളുടെ ഊർജ്ജം പാഴായിപ്പോകും. അങ്ങനെ നിങ്ങളുടെ ആത്മീയ യാത്രയിലോ നിങ്ങളുടെ ആത്മീയ വളർച്ചയിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയില്ല.
ആത്മീയ യാത്രയും ആത്മീയ വളർച്ചയും മാത്രമല്ല, നിങ്ങളുടെ സാമ്പത്തിക നിലയെയും അത് ബാധിക്കും. നിങ്ങളുടെ മനസ്സ് മറ്റെവിടെയെങ്കിലും ആണെങ്കിൽ, നിങ്ങളുടെ ജോലിയിലോ ബിസിനസ്സിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയില്ല. കാരണം നിങ്ങൾ ആളുകൾ എന്ത് പറയുന്നു എന്ന് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ സമയം പാഴാക്കുകയാണ്. ഒരുപാട് ആളുകൾ എന്നെക്കുറിച്ച് ഒരുപാട് മോശം കാര്യങ്ങൾ പറഞ്ഞു. എനിക്കറിയാം ഞാൻ ആരാണെന്ന്. എനിക്കതൊക്കെ പുല്ലുവില മാത്രമേയുള്ളൂ. എന്തിന്? ഞാൻ എന്തിന് നിന്നെ കേൾക്കണം? നീ ആരാണ്? എനിക്കറിയാം ഞാൻ ആരാണെന്ന്. അതുമതി.
നിങ്ങൾ ചിന്തിക്കുന്നു, ‘എൻ്റെ സുഹൃത്ത് എന്നോട് ഇത് പറഞ്ഞു’. ഹേ, അവൻ നിന്റെ മുർഷിദാണോ?
‘എൻ്റെ അമ്മാവൻ അത് പറഞ്ഞു’. ഹലോ, ആരാണ് നിന്റെ അമ്മാവൻ? അവൻ ഒരു പ്രവാചകനാണോ? പിന്നെന്തിന് നീ അവനെ കേൾക്കുന്നു?
ബുല്ലേ ഷായും പറഞ്ഞിട്ടില്ലേ, ലോകി താനു കാഫിർ ആഖൻ, തൂ ആഹോ ആഹോ ആഖ്. (ആളുകൾ നിന്നെ കാഫിർ എന്ന് വിളിച്ചാലും, നീ അതെ അതെ എന്ന് പറയുക).
ആളുകൾ ഇത് പറയുന്നു, അത് പറയുന്നു. ആളുകൾക്ക് എന്ത് വിലയാണുള്ളത്? ആരാണീ ആളുകൾ? നിന്റെ മുർഷിദ് നിന്നിൽ തൃപ്തനാണെങ്കിൽ, അതുമതി. നീ ആരാണെന്ന് അദ്ദേഹത്തിനറിയാം.
നിങ്ങളുടെ മുർഷിദ് നിങ്ങളിൽ സന്തുഷ്ടനാണെങ്കിൽ, ഈ ലോകത്തെ പുല്ലുവില കൽപ്പിക്കുക.
