ആത്‌മീയതയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നഫ്സിൻ്റെ ശുദ്ധി നിലനിർത്തുക എന്നതാണ്. നഫ്സിനെ ശുദ്ധീകരിച്ച ശേഷം ഇനി ഇഷ്ടമുള്ളതെന്തും ചെയ്യാമെന്നല്ല. ഇനി അതിന്റെ ശുദ്ധതയെ നിലനിർത്തണം. അതിന് ഒരുപാട് ആവശ്യകതകൾ ഉണ്ട്. അപ്പോൾ ഇവിടെ നിങ്ങൾക്ക് നഫ്സിൻ്റെ മുകളിൽ ഒരു ഗോൾകീപ്പറെ ഇരുത്തേണ്ടി വരും. ശൈത്താൻ്റെ ഭാഗത്ത് നിന്ന് ഗോൾ വീഴാതിരിക്കാൻ.

സർക്കാർ ഗോഹർ ഷാഹി പറഞ്ഞു, ഖൽബിനെ സന്തോഷിപ്പിച്ചാൽ നഫ്സിനെ നശിപ്പിച്ചു. നഫ്സിനെ സന്തോഷിപ്പിച്ചാൽ ഖൽബിനെ നശിപ്പിച്ചു.

അപ്പോൾ രണ്ടിൽ ഒന്നിൻ്റെ പുരോഗമനം നോക്കിയാൽ മതി. അതായത്, നഫ്സ് ശക്തിയിൽ ആണെങ്കിൽ, ഖൽബ് ദുർബലമായിരിക്കും. അതിനാൽ, ഖൽബിൻ്റെ നല്ലതിന് വേണ്ടി നിങ്ങൾ നഫ്സിനെ പ്രയാസത്തിൽ ആക്കിക്കൊണ്ടേയിരിക്കണം. ഈ വിഷയത്തിൽ നിങ്ങൾ അലസത കാണിക്കാൻ പാടില്ല. അതായത് എൻ്റെ ഖൽബ് ഇപ്പോൾ ജാരിയായിക്കഴിഞ്ഞു എന്ന് കരുതി വെറുതെ ഇരിക്കരുത്.

 


മിക്ക ആളുകളും ഇതാണ് ചെയ്യുന്നത്, എൻ്റെ ഖൽബ് ജാരിയാണ്, എനിക്ക് നമസ്കരിക്കേണ്ട ആവശ്യം എന്താണ് എന്ന് വിചാരിക്കുന്നു. ഇത് തന്നെയാണ് ശൈത്താൻ്റെ വഞ്ചന. നിനക്ക് വേണ്ടിയല്ലേ നമസ്കാരം ഇറങ്ങിയത്? ആരുടെ ഖൽബാണോ ഉണർന്നിട്ടില്ലാത്തത്, അവർക്ക് വേണ്ടിയാണോ നമസ്കാരം? നിനക്ക് വേണ്ടിയല്ലേ നമസ്കാരം ഇറങ്ങിയത്? നീ മുഅ്മിനാണ്. നീ സാഹിബെ ഈമാനാണ്. നീ ആ നമസ്കാരം നിർവഹിച്ചാൽ നിൻ്റെ ഖൽബ് നിൻ്റെ നമസ്കാരത്തെ അല്ലാഹുവിലേക്ക് എത്തിക്കും.

അപ്പോൾ ആദ്യം ചെയ്യേണ്ട കാര്യം ഇതാണ്, ലതായിഫിൻ്റെ കാര്യങ്ങളൊക്കെ പിന്നീട്. ആദ്യം നിങ്ങൾ ചെയ്യേണ്ടത് ഇതാണ്, നഫ്സിനെയും ഖൽബിനെയും ശ്രദ്ധിക്കു. നമ്മുടെ ലക്‌ഷ്യം എന്താണ്? നമ്മുടെ ലക്‌ഷ്യം ഖൽബിനെ ശക്തിപ്പെടുത്തുക എന്നതാണ്. ഖൽബിനെ എങ്ങനെ ശക്തിപ്പെടുത്തും? വെറും ദിക്ർ കൊണ്ട് ഖൽബ് ശക്തിപ്പെടില്ല. ഖൽബ് ശക്തിപ്പെടുന്നതിലെ ഏറ്റവും വലിയ തടസ്സം നഫ്സിൻ്റെ എതിർപ്പാണ്.

എത്ര വേണമെങ്കിലും അല്ലാഹു, അല്ലാഹു, അല്ലാഹു എന്ന് ചെയ്താലും, നിങ്ങളുടെ നഫ്സ് ശൈത്വാനിയത്തിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ, അപവാദം, പരദൂഷണം, ഏഷണി തുടങ്ങിയ പാപങ്ങൾ നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ, പിന്നെ മറന്നേക്കൂ. ദിവസവും എന്ത് ദിക്ർ ഫിക്ർ ചെയ്താലും, ഒന്നോ രണ്ടോ മൂന്നോ ആളുകളെക്കുറിച്ച് മോശമായി സംസാരിച്ചാൽ ആ നൂർ മുഴുവൻ പാഴായി പോകും.

അതുകൊണ്ട് ആദ്യം ഈ സൂക്ഷ്മത പാലിക്കണം. മുർഷിദ് നോക്കുന്നത്, ഇവന് സൂക്ഷ്മത പാലിക്കാൻ അറിയാമോ ഇല്ലയോ എന്നാണ്. ഇവന് നൽകിയതിനെ സൂക്ഷിക്കാൻ ഇവന് കഴിയുമോ ഇല്ലയോ എന്ന്. നിങ്ങൾ യഥാർത്ഥത്തിൽ അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഏത് വാഹനപ്പുറത്ത് കയറിയാണോ അല്ലാഹുവിലേക്ക് പോകേണ്ടത്, ആ വാഹനത്തെ ശക്തിപ്പെടുത്തുക. ആ വാഹനം നിങ്ങളുടെ ഖൽബാണ്.

നഫ്സിനെയാണ് നിങ്ങൾ ശക്തിപ്പെടുത്തുന്നതെങ്കിൽ അതിനർത്ഥം നിങ്ങൾ ശൈത്താൻ്റെ അടുത്തേക്ക് പോകാൻ ആഗ്രഹിക്കുന്നു എന്നാണ്.

ഖൽബിനെ ശക്തിപ്പെടുത്തണമെങ്കിൽ അതിന് ഒരേയൊരു ഉത്തരമേയുള്ളൂ, നഫ്സിനെ ദുർബലമാക്കുക. അതായത്, നഫ്സിനെ ദുർബലമാക്കുക എന്നതിൻ്റെ മറ്റൊരു അർത്ഥം നിങ്ങൾ ഖൽബിനെ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്നാണ്.

നിങ്ങൾ സ്വയം ശക്തനാകാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ കയ്യിൽ കൂടുതൽ ശക്തിയില്ല. അപ്പോൾ സ്വയം ശക്തനാകാൻ നിങ്ങൾ എന്ത് ചെയ്യും? ശത്രുവിനെ ദുർബലനാക്കുക. അവൻ ദുർബലനാകുമ്പോൾ താരതമ്യേന നിങ്ങൾ ശക്തനാകും.

എല്ലാ സമയത്തും കണ്ണുകൾ ഉണർന്നിരിക്കണം. ഇതിൻ്റെ ഉദാഹരണം ഇതാണ്, ഒരാൾ കാർ ഓടിക്കുന്നു. എന്ത് വേണമെങ്കിലും അയാൾക്ക് ചെയ്യാം, പക്ഷേ ശ്രദ്ധ വിൻഡ് സ്ക്രീനിൽ ആയിരിക്കണം. സംസാരിക്കുന്നുണ്ടാകും, കാറും ഓടുന്നുണ്ടാകും, എന്നാൽ ഒരു നിമിഷത്തേക്ക് പോലും അവൻ്റെ ശ്രദ്ധ മാറിയാൽ, അടുത്ത നിമിഷം അവൻ ഖബറിലായിരിക്കും. ഇതേ കാര്യമാണ് നഫ്സിൻ്റെ കാര്യത്തിലും. നിങ്ങൾക്ക് കണ്ണടച്ചിരിക്കാൻ കഴിയില്ല.

 


ഞങ്ങൾ ദാകിറേ ഖൽബി ആണെന്നും, ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും ചിലർ പറയുന്നു. അങ്ങനെയല്ല, ഇഷ്ടമുള്ളത് ചെയ്യരുത്. നിങ്ങൾ നഫ്സാനിയായ പ്രവൃത്തികളിൽ ഏർപ്പെട്ടാൽ, നിങ്ങളുടെ ഖൽബ് ദുർബലമാകും. നഫ്സ് ശക്തനാവുകയും ചെയ്യും.

റൂഹാനിയത്തിൽ മുന്നോട്ട് പോകണം, റബ്ബിനെ കണ്ടെത്തണം. നിങ്ങളുടെ ഖൽബിനെയും, നിങ്ങളുടെ ഈമാനിനെയും ശക്തമായി നിലനിർത്തുന്നതിന്, നിങ്ങളുടെ നഫ്‌സിനെ ശക്തമാക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്.

നഫ്സ് എങ്ങനെയാണ് ശക്തമാകുന്നത്? നഫ്സിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ. ആ കാര്യങ്ങൾ ചെയ്യാതിരിക്കുക. തെറ്റായ കാര്യങ്ങൾ ചെയ്യാതിരിക്കുക. ഏഷണി, പരദൂഷണം, അത്യാഗ്രഹം, അസൂയ, വിദ്വേഷം എന്നീ കാര്യങ്ങളെല്ലാം വർജ്ജിക്കണം. റൂഹാനിയത്തിലെ വിജയത്തിന് വളരെ പ്രധാനപ്പെട്ട, അവിഭാജ്യമായ ഒരു ഘടകമാണ് തെറ്റായ പ്രവൃത്തികളിൽ നിന്ന് മാറിനിൽക്കാൻ. അതാണ് സുഹ്ദ്.

നിങ്ങൾ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച്, പിന്നെയും പോയി അഴുക്കിലിരിക്കുമോ? ഇനി നിങ്ങൾ പറയുകയാണ്, എനിക്ക് ഒരു പ്രശ്നവുമില്ല എന്ന്. എങ്കിൽ ശരി, കുളിച്ച് നല്ല വസ്ത്രം ധരിച്ച് പിന്നെയും പോയി അഴുക്കിലിരുന്നോളൂ, നിങ്ങളെക്കാൾ വലിയ കഴുത വേറെ ആരുണ്ടാകും? അപ്പോൾ അഴുക്കിൽ നിന്ന് രക്ഷപ്പെടണം. എന്താണ് സുഹ്ദ്? അഴുക്കിൽ നിന്ന് രക്ഷപ്പെടലാണ്.

നിങ്ങൾക്ക് അസുഖമാണെന്ന് കരുതുക. ഡോക്ടർ നിങ്ങളോട് ഇന്ന സാധനം കഴിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് നിങ്ങൾക്ക് ചുമയുണ്ട്. ചുമയുണ്ടെങ്കിൽ തണുത്ത വെള്ളം കുടിക്കാൻ പാടില്ല. ചുമയുണ്ടെങ്കിൽ പിന്നെ അച്ചാർ, ബിരിയാണി, എണ്ണയിൽ വറുത്ത സാധനങ്ങൾ തുടങ്ങിയവ കഴിക്കാൻ പാടില്ല, ചുമ കൂടും. അപ്പോൾ ളാഹിറായ രോഗത്തിൽ ചെയ്യേണ്ടി വരുന്ന ഈ വർജ്ജനം, ഇതേ കാര്യം ദീനിൽ ചെയ്യുകയാണെങ്കിൽ, അതിനെ പർസായി, പർഹേസ്ഗാരി, സുഹ്ദ് എന്നൊക്കെ പറയുന്നു. സുഹ്ദ് അത്യാവശ്യമാണ്.

പാപങ്ങളെ വർജ്ജിച്ചില്ലെങ്കിൽ എപ്പോഴും പാപങ്ങളിൽ തന്നെ മുങ്ങിയിരിക്കും. എവിടെയെല്ലാമാണോ നിങ്ങൾക്ക് വർജ്ജനം ആവശ്യമുള്ളത്, അത് ചെയ്യുക.

നിങ്ങൾ ഒളിപ്പിച്ചു ചെയ്യുന്ന കാര്യങ്ങൾ, അത് എല്ലാവരുടെയും മുന്നിൽ വെച്ച് ചെയ്യുക. രണ്ട് മിനിറ്റിനുള്ളിൽ കഥ മനസ്സിലാകും. പിന്നെ നിങ്ങൾക്ക് താല്പര്യം തോന്നില്ല. പിന്നെ നഫ്സ് പറയും, വേണ്ട വേണ്ട എന്ന്.

ഉദാഹരണത്തിന്, നിങ്ങൾക്ക് തട്ടിപ്പ് നടത്തണം. നാട്ടുകാരോടെല്ലാം പറയുക, ഞാൻ തട്ടിപ്പ് നടത്തി ധനികനാകാൻ പോകുകയാണ്. ഞാൻ തട്ടിപ്പ് നടത്താൻ പോകുകയാണ്, നോക്കിക്കോളൂ. അപ്പോൾ ആളുകൾ പറയും, ‘ഇവന് ഭ്രാന്താണ്.’

നിങ്ങൾ ഒളിപ്പിച്ചു ചെയ്യുന്ന കാര്യം, അത് നിങ്ങൾക്ക് ദോഷകരമാണ്. അതേ പാപം എല്ലാവരുടെയും മുന്നിൽ വെച്ച് ചെയ്തു നോക്കൂ. അപ്പോൾ ആ പാപം നിങ്ങളുടെ നഫ്സിനെ ശക്തിപ്പെടുത്തുന്നതിന് പകരം, അതിനെ ശുദ്ധീകരിക്കും. എന്തുകൊണ്ട് ശുദ്ധീകരിക്കും? കാരണം, നിങ്ങൾ പാപം ചെയ്യുന്നത് കാണുന്ന ആളുകൾ നിങ്ങളെ ആക്ഷേപിക്കുകയും ശപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. ആ കുറ്റപ്പെടുത്തലിൽ നിന്ന് നഫ്സിന് ശുദ്ധീകരണം ഉണ്ടാകും.

വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുണ്ട്, യാ റസൂലുല്ലാഹ്, സ്വന്തം നഫ്സിന്റെ ആഗ്രഹങ്ങളെ ആരാധ്യനാക്കിയ ആ വ്യക്തിയുടെ അവസ്ഥ അങ്ങ് കണ്ടില്ലേ?

നഫ്‌സും ഖൽബും, ഇവ രണ്ടിൽ ഏതെങ്കിലും ഒന്നിനെ പിടിച്ചാൽ മതി. ഒന്നുകിൽ നിങ്ങൾ നഫ്സിനെ ദുർബലമാക്കാൻ തീരുമാനിക്കുക, അല്ലെങ്കിൽ നിങ്ങൾ ഖൽബിനെ ശക്തമാക്കാൻ തീരുമാനിക്കുക. രണ്ടിലൊരു കാര്യം ചെയ്യുക. രണ്ടിലേതെങ്കിലും ചെയ്താലും അതിന്റെ സ്വാധീനം നേരിട്ട് മറ്റൊന്നിൽ ഉണ്ടാകും.

നിങ്ങളുടെ എല്ലാ ലതായിഫുകളും പ്രവർത്തനക്ഷമമാകണം എന്ന് തന്നെയല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്? ഈ ലതായിഫുകൾ രക്തത്തിനകത്ത് നീന്തിക്കൊണ്ടിരിക്കുകയാണ്. ആളുകൾ പറയുന്നു, അതിന്റെയും ദിക്ർ എടുക്കണം, ഇതിന്റെയും ദിക്ർ എടുക്കണം എന്ന്. സുഹൃത്തേ, അവ ഉണർന്നതിന് ശേഷമല്ലേ ദിക്ർ എടുക്കേണ്ടത്?

ഖൽബ് പ്രവർത്തിച്ചു തുടങ്ങി. ബാക്കിയുള്ള ലതായിഫുകൾ ആദ്യം ഉണരണം, എന്നിട്ട് വേണം അവയുടെ ദിക്ർ എടുക്കാൻ. എങ്ങനെയാണ് ഉണരുക? അവ ഞരമ്പുകൾക്കുള്ളിൽ നീന്തിക്കൊണ്ടിരിക്കുകയാണ്. എപ്പോഴാണോ ഖൽബിൽ ധാരാളമായി നൂർ ഉണ്ടാകുന്നത്, നഫ്സിന്റെ ഭാഗത്ത് നിന്നുള്ള തടസ്സങ്ങൾ കുറയുന്നത്, അപ്പോൾ ആ നൂർ രക്തത്തിൽ കലരുകയും, ഞരമ്പുകളിലെല്ലാം എത്തുകയും ചെയ്യും. നിങ്ങളുടെ മുഴുവൻ രക്തവും നൂറാനിയായി മാറണം. പിന്നെ ആ രക്തത്തിലെ കോശങ്ങളിലേക്ക് നൂർ പ്രവേശിക്കുകയും, അത് രക്തത്തിൽ നിലനിൽക്കുകയും ചെയ്യണം.

നിങ്ങളുടെ ശരീരത്തിലുള്ള ഈ രക്തം നിശ്ചലമല്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. അത് എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഒഴുകിക്കൊണ്ടിരിക്കുകയാണ്, നദി പോലെ. ദരിയായെ വഹദത്ത് ഇതുതന്നെയാണ്.

കുറച്ചു നൂർ ഉണ്ടായി, അത് ഒഴുകിപ്പോയി. അപ്പോൾ എങ്ങനെയാണ് നിങ്ങളുടെ എല്ലാ ലത്തീഫകളും ഉണരുക? അപ്പോൾ ഉണരുന്നതിന് അത്രയധികം നൂർ രക്തത്തിൽ കലരണം. രക്തത്തിന്റെ ഓരോ തുള്ളിയിലും നൂർ ഉണ്ടായിരിക്കണം. നിങ്ങളുടെ മുഴുവൻ രക്തവും നൂർ കൊണ്ട് അലങ്കരിക്കപ്പെടണം. അപ്പോൾ അതിനകത്ത് നീന്തിക്കൊണ്ടിരിക്കുന്ന ലതായിഫുകൾ ഉണരാൻ തുടങ്ങും.

ഈ ലതായിഫുകളെ സംരക്ഷിക്കുന്നതിന്, നൂറുള്ള രക്തത്തിന്റെ സംവിധാനം ആവശ്യമാണ്. നദി വറ്റിയാൽ മത്സ്യം ചത്തുപോകും. അതുപോലെ നിന്റെ രക്തത്തിനകത്ത്, നിന്റെ ശരീരത്തിലെ മുഴുവൻ രക്തവും നൂറുൻ അലാ നൂർ ആകുന്നതുവരെ, ലതായിഫുകളെക്കുറിച്ച് മിണ്ടരുത്. ആദ്യം നിന്റെ ഈ നദിയെ നൂർ കൊണ്ട് നിറയ്ക്കുക. നിന്റെ രക്തം നൂർ കൊണ്ട് നിറയ്ക്കുക.

രക്തം നൂർ കൊണ്ട് നിറയ്ക്കുന്നതിന്റെ ആവശ്യമെന്താണ്? എങ്ങനെയാണ് രക്തം നൂർ കൊണ്ട് നിറയുക?

സർക്കാർ ഗോഹർ ഷാഹിയുടെ വചനമുണ്ട്, നിങ്ങളുടെ രക്തത്തിനകത്ത് ചുവന്ന കോശങ്ങൾ ഉണ്ട്, അതിനെ റെഡ് സെൽസ് (red cells) എന്ന് പറയുന്നു. ആ റെഡ് സെല്ലിലേക്ക് നൂർ എത്തുമ്പോൾ, അതും അല്ലാഹു അല്ലാഹു എന്ന് പറയാൻ തുടങ്ങും. രക്തത്തിനകത്തുള്ള റെഡ് സെല്ലുകളും അല്ലാഹു അല്ലാഹു എന്ന് പറയാൻ തുടങ്ങിയാൽ, അപ്പോൾ അത് നിങ്ങളുടെ ഒരു സ്ഥിരം സംവിധാനമായി. അതില്ലാതെ ലതായിഫുകളെക്കുറിച്ച് ചിന്തിക്കുന്നത് പോലും വിഡ്ഢിത്തമാണ്.


നിങ്ങൾക്ക് മത്സ്യങ്ങളെ വളർത്തണമെന്നുണ്ടെങ്കിൽ, ആദ്യം ഒരു ഫിഷ് ടാങ്ക് കൊണ്ടുവന്ന് അതിൽ വെള്ളം നിറയ്ക്കൂ. ടാങ്ക് വെച്ചിട്ട് അതിൽ വെള്ളമില്ലെങ്കിൽ, മത്സ്യത്തെ എവിടെ വെക്കും? അത് ചത്തുപോകില്ലേ? വൃത്തിയുള്ള വെള്ളം വെക്കുക. അതുപോലെ ഈ ലതായിഫുകളും ശരിയായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ രക്തത്തെ ഒരു നൂറാനി നദിയാക്കി മാറ്റൂ.

എന്തിനാണ് അല്ലാഹു റിസ്ഖേ ഹലാൽ ആക്കിയത്? രക്തത്തിൽ ഇപ്പോൾ നൂർ വന്നിരിക്കുന്നു. ഇനി അതിന്റെ ഉള്ളിലേക്ക് തടസ്സമുണ്ടാക്കുന്ന ഒരു വസ്തുവും പോകരുത്. അതിനാലാണ് അല്ലാഹു റിസ്ഖേ ഹലാൽ നിയമമാക്കിയത്.

നിൻ്റെ ഉള്ളിൽ ഒഴുകുന്ന ഈ രക്തത്തിൻ്റെ നദിയുണ്ടല്ലോ, അതിനെ ദരിയായെ കൗസർ ആക്കി മാറ്റൂ. അതിനെ ഒരു നൂറാനി നദിയാക്കി മാറ്റൂ. പിന്നെ നിൻ്റെ ലതായിഫുകളാകുന്ന മത്സ്യങ്ങൾ താനേ നൂറാനിയായിക്കൊള്ളും.

മനുഷ്യൻ്റെ ഉള്ളിൽ ഹൃദയമിടിപ്പ് ഉണ്ടാക്കുന്ന ഹൃദയത്തിൻ്റെ ഭാഗമുണ്ടല്ലോ, ഒരു വാൽവ് ഘടിപ്പിച്ചിട്ടുണ്ടാകും, പൾമണറി വാൽവ്. അത് ഹൃദയമിടിപ്പിനെ ഉണ്ടാക്കുന്നു. അതിനു മുകളിലാണ് ഇസ്മെ ദാത്ത് വരുന്നത്. അതിനു മുകളിൽ തന്നെയാണ് ശൈത്താൻ തുരങ്കമുണ്ടാക്കുന്നതും. വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടില്ലേ, ഞാൻ സിറാത്തെ മുസ്തഖീമിൽ ചമ്രം പടിഞ്ഞിരിക്കുമെന്ന്. ആ സിറാത്തെ മുസ്തഖീം എവിടെയാണ്? അത് ഈ വാൽവ് തന്നെയാണ്. അതിനു മുകളിൽ വന്നിരിക്കും, ഹൃദയമിടിപ്പുകൾക്ക് മുകളിൽ. അപ്പോൾ മുർഷിദ് അവനെ അവിടെ നിന്ന് മാറ്റുന്നു. ഇസ്മെ ദാത്തിൻ്റെ ആണി അവിടെ തറയ്ക്കുന്നു.

ജിലേബിക്ക് മധുരമുണ്ടാകില്ല. ജിലേബി ഉണ്ടാക്കിയിട്ട് അതിനെ പാനിയിൽ മുക്കിവെക്കുകയാണ് ചെയ്യുന്നത്. ജിലേബിക്ക് മധുരമില്ല, ആ പാനിക്കാണ് മധുരം. അത് പാനിയിൽ ഇട്ടില്ലെങ്കിൽ, ആരാണ് ആ ജിലേബികൾ കഴിക്കുക? ഇതുപോലെ, നിൻ്റെ ഈ രക്തത്തെ നൂറിൻ്റെ പാനിയാക്കി മാറ്റൂ. എന്നിട്ട് ലതായിഫുകളാകുന്ന ജിലേബികൾ അതിൽ മുക്കൂ. അല്ലെങ്കിൽ അത് ഉപയോഗശൂന്യമാണ്.

ഖൽബിനെ ശക്തിപ്പെടുത്തുക. അതിനെ ശക്തിപ്പെടുത്തുന്നതിന് നഫ്സിനെ ദുർബലമാക്കണം. ഖൽബിനെ ശക്തിപ്പെടുത്തൂ എന്ന് പറഞ്ഞാൽ, അതിൻ്റെ മറ്റൊരർത്ഥം എന്താണ്? നഫ്സിനെ ദുർബലമാക്കൂ എന്ന്. കാരണം നഫ്സ് ദുർബലമായാൽ ഖൽബ് താനേ ശക്തിപ്പെടും.

പാപം ചെയ്യുമ്പോൾ കുറ്റപ്പെടുത്തുന്നവർ മുന്നിലുണ്ടായിരിക്കണം. ആ കുറ്റപ്പെടുത്തലുകൾ കാരണം നഫ്സ് പറയും, “ഛെ, ഇനി പാപം ചെയ്യരുത്.” നീ ആളുകളെ കാണിച്ച് പാപം ചെയ്താൽ നഫ്‌സ് പറയും, “ഛെ, ഈ വിഡ്ഢിയുടെ കയ്യിലാണല്ലോ ഞാൻ പെട്ടുപോയത്. ഇവൻ എനിക്ക് സുഖസൗകര്യങ്ങൾ ഒരുക്കുന്നതിന് പകരം, ആളുകളുടെ മുന്നിൽ വെച്ച് എന്നെ നാണം കെടുത്തുകയാണല്ലോ.

നഫ്സിനോട് പറഞ്ഞേക്കൂ, “ശരി, നീ പറയുന്ന ഏത് പാപവും ഞാൻ ചെയ്യാം. പക്ഷെ ആളുകളുടെ മുന്നിൽ വെച്ച് ചെയ്യും. ഒളിച്ചല്ല.”

ഞാൻ രണ്ട് കാര്യങ്ങൾ വിശദീകരിച്ചു;

ഒന്ന് ഇതാണ്; ഖൽബിനെ ശക്തിപ്പെടുത്താൻ നഫ്സിനെ ദുർബലമാക്കണം. രണ്ടിലൊന്ന് തിരഞ്ഞെടുക്കുക. ഒന്നുകിൽ ഖൽബിനെ ശക്തിപ്പെടുത്തുന്നതിൽ മുഴുകുക, അല്ലെങ്കിൽ നഫ്സിനെ ദുർബലമാക്കുന്നതിൽ മുഴുകുക. രണ്ടിൻ്റെയും ഫലം ഒന്നുതന്നെയാണ്.

രണ്ടാമത്തേത് പാപങ്ങളെക്കുറിച്ചാണ്. നിങ്ങൾ നിങ്ങളുടെ നഫ്സിനോട് പറയുക, ഞാൻ പാപം ചെയ്തോളാം, പക്ഷേ സാക്ഷികളുണ്ടാകും. ആളുകളുടെ മുന്നിൽ വെച്ച് ചെയ്യാം.

(സൂഫി മാസ്റ്റർ യൂനുസ് അൽഗോഹർ)

 

Sayyidi Younus AlGohar