ജീവിതത്തിൽ പോരാട്ടത്തിനുള്ള ഊർജ്ജവും ദൃഢനിശ്ചയവും വരുന്നത് ഇച്ഛാശക്തിയിൽ നിന്നാണ്. ഇച്ഛാശക്തി കുറവുള്ളവർക്ക് ഒരു കാര്യത്തിലും വിജയിക്കാൻ സാധിക്കില്ല. നിങ്ങളുടെ ഇച്ഛാശക്തിയാണ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. ആളുകൾ എന്തിനാണ് പ്രചോദനത്തിനായി മറ്റുള്ളവരെ തേടുന്നത്? നിങ്ങളുടെ സുഹൃത്തുക്കളാണ് നിങ്ങളെ പ്രചോദിപ്പിക്കുന്നതെങ്കിൽ, നിങ്ങളൊരു മണ്ടനാണ്. നിങ്ങൾക്ക് സ്വയം പ്രചോദനം ഉണ്ടാകണം. നിങ്ങൾ ഒരു ഉരുക്കുമനുഷ്യനാകുമ്പോൾ മാത്രമേ അത് സംഭവിക്കുകയുള്ളൂ. നിങ്ങൾക്ക് വളരെ ശക്തമായ ഇച്ഛാശക്തി, ഖുവ്വത്തെ ഇറാദി ഉണ്ടാവണം. ഇച്ഛാശക്തി കുറവാണെങ്കിൽ, നിങ്ങൾ എല്ലാറ്റിലും പിന്നോട്ട് പോകും. നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടാകില്ല, ദൃഢനിശ്ചയമുണ്ടാകില്ല, ഒന്നുമുണ്ടാകില്ല.
അതുകൊണ്ട് നിങ്ങളുടെ ഹൃദയത്തിലേക്ക് ഒന്നെത്തി നോക്കുക, നിങ്ങൾക്ക് ഇച്ഛാശക്തിയുണ്ടോ എന്ന് പരിശോധിക്കുക. എൻ്റെ ഇച്ഛാശക്തി ദുർബലമാണെന്ന് കരുതുന്ന ആരെങ്കിലും ഇവിടെയുണ്ടോ?
ഇച്ഛാശക്തിക്ക് പ്രായവുമായി ഒരു ബന്ധവുമില്ല. ഇച്ഛാശക്തി എന്നത് ദൃഢനിശ്ചയമാണ്. നിങ്ങളുടെ ഇച്ഛാശക്തി ശക്തമാണെങ്കിൽ, ഒരു തടസ്സവും നിങ്ങളെ ബാധിക്കുന്നില്ലെന്ന് നിങ്ങൾ ഉറപ്പ് വരുത്തും. നിങ്ങളുടെ ഇച്ഛയുടെ ശക്തികൊണ്ട് മാത്രമേ നിങ്ങൾക്ക് തടസ്സങ്ങളെ നീക്കാൻ കഴിയൂ.
ചിലപ്പോൾ ശരീരം ദുർബലമായിരിക്കും, എന്നാൽ ആത്മാവ് സന്നദ്ധമായിരിക്കും. ശരീരം ദുർബലമാണ്, എന്നാൽ ആത്മാവ് സന്നദ്ധമാണ്. ആത്മാവ് സന്നദ്ധമാകുമ്പോഴാണ് നിങ്ങൾക്ക് ഇച്ഛാശക്തിയുണ്ടാകുന്നത്. അതുതന്നെയാണ് ഇച്ഛാശക്തി. ആത്മാവ് സന്നദ്ധമാണ്. ശരീരം ദുർബലമാകുന്നത് പ്രശ്നമല്ല. ഇച്ഛാശക്തിയും ആത്മാവിൻ്റെ സന്നദ്ധതയും വഴിയിലെ എല്ലാ തടസ്സങ്ങളെയും നീക്കാൻ സഹായിക്കും. കാരണം ശക്തമായ ഇച്ഛാശക്തിയുള്ളവർ, അവർ എളുപ്പത്തിൽ നിരാശരാകുകയോ അസംതൃപ്തരാകുകയോ ചെയ്യില്ല. അവർ എളുപ്പത്തിൽ തോൽവി സമ്മതിക്കുകയുമില്ല. അവർക്കുള്ള ശക്തമായ ഇച്ഛാശക്തി കാരണം മാത്രമാണത്.
ഇച്ഛാശക്തിക്ക് ഉറവിടങ്ങളുണ്ട്. ഒന്നുകിൽ നിങ്ങളുടെ ഇച്ഛാശക്തി നിങ്ങളുടെ സ്വന്തം ശക്തിയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ അത് പരിമിതമാണ്. ഇത് എൻ്റെ പരിധിക്ക് പുറത്താണ്, എനിക്കിത് ചെയ്യാൻ കഴിയില്ലെന്ന് നിങ്ങൾ മനസ്സിലാക്കുന്ന നിമിഷം, നിങ്ങളുടെ ഇച്ഛാശക്തി ഇല്ലാതാകും. അപ്പോൾ സ്വന്തം ശക്തിയെ അടിസ്ഥാനമാക്കിയുള്ള ഇച്ഛാശക്തി പരിമിതമാണ്. എന്നാൽ നിങ്ങളുടെ ഇച്ഛാശക്തി രക്ഷിതാവിലുള്ള നിങ്ങളുടെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, അത് പരിമിതമല്ല. അസാധ്യമായത് പോലും സാധ്യമായിത്തീരുന്നത് അപ്പോഴാണ്.
നിങ്ങൾ ‘impossible’ എന്ന വാക്ക് പിരിച്ചെഴുതിയാൽ, അത് എന്തായിത്തീരും? ‘I am possible’. ‘Impossible’ എന്നത് ‘I am possible’ ആണ്.
