“ആത്മീയതയ്ക്ക് ഒരു മതവുമായും ബന്ധമില്ല. നിങ്ങളുടെ ആത്മാക്കളെ ഉണർത്താൻ കഴിയുന്ന അറിവാണ് ആത്മീയത. നിങ്ങൾക്ക് അവയെ ശക്തിപ്പെടുത്താനും അതിലൂടെ ഉയർന്ന ആത്മീയ തലങ്ങളിൽ എത്തിച്ചേരാനും ദൈവത്തെ സമീപിക്കാനും കഴിയും”
“എൻ്റെ ഹൃദയം എല്ലാ മതങ്ങളെയും സ്വാഗതം ചെയ്യുന്നു. അതൊരു ക്ഷേത്രവും മസ്ജിദും ചർച്ചുമാണ്. എന്റെ മതം സ്നേഹമാണ്.”
“നിങ്ങൾ ദൈവത്തെയാണ് അന്വേഷിക്കുന്നതെങ്കിൽ ആത്മീയത പഠിക്കുക.”
“മനുഷ്യശരീരത്തിൽ ഏഴ് വ്യത്യസ്ത തരം ആത്മാക്കളുണ്ട്. അവയോരോന്നും വ്യത്യസ്ത ലോകങ്ങളുമായും വ്യത്യസ്ത സ്വർഗ്ഗങ്ങളുമായും മനുഷ്യശരീരത്തിലെ വ്യത്യസ്ത ധർമ്മങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.”
“നിരന്തരം ആത്മീയപരിശീലനങ്ങളിൽ ഏർപ്പെടുന്നവരുടെ നെഞ്ചിലെ ആത്മാക്കൾ ശക്തമായിരിക്കും. എന്നാല്‍ ഒരു ആത്മീയപരിശീലനത്തിലും ഏര്‍പ്പെടാത്തവരുടെ ആത്മാക്കൾ ഉറക്കത്തിലും സംവേദനക്ഷമതയില്ലാത്ത അവസ്ഥയിലുമായിരിക്കും. എന്നാല്‍ ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ അല്ലാഹുവിന്റെ നാമം ആത്മാവുകളിലേക്ക് ആഗിരണം ചെയ്യപ്പെട്ടു കഴിഞ്ഞാൽ അവർ പിന്നെ നിരന്തരമായ ദിക്റിലും (ദിക്റേ സുല്‍ത്താനി) തീക്ഷ്ണമായ ദൈവപ്രേമത്തിലുമായിരിക്കും (ഇശ്ഖേ അല്ലാഹ്).”
“ആരാധനകളിലൂടെ സ്വർഗ്ഗം കരസ്ഥമാക്കാൻ കഴിയുമെങ്കിലും സ്വർഗ്ഗം പോലും അല്ലാഹുവിൽ നിന്നും വളരെ അകലെയാണ്. സ്വർഗ്ഗത്തിനും അതിലെ ഹൂറികൾക്കും പകരം അല്ലാഹുവിൻ്റെ സ്നേഹവും അവൻ്റെ സാമീപ്യവും അവനുമായുള്ള ഒത്തുചേരലും ആഗ്രഹിക്കുന്നവർക്കു വേണ്ടി മാത്രമുള്ളതാണ് ഈ ആത്മീയജ്ഞാനം.”
“ജലം ഉപയോഗിച്ചാണ് ശരീരത്തിൻ്റെ ബാഹ്യഭാഗം ശുദ്ധീകരിക്കുന്നത്. അതേസമയം ശരീരത്തിൻ്റെ ആന്തരികഭാഗം ശുദ്ധമാകുന്നത് ദൈവികപ്രകാശത്താലാണ്.”
“സ്നേഹത്തിന്റെ ബന്ധം ഹൃദയവുമായാണ്. ‘അല്ലാഹു’ എന്ന നാമം ഹൃദയമിടിപ്പുമായി സമന്വയിക്കുമ്പോൾ അത് രക്തത്തിലൂടെ സിരകളിലെത്തി ആത്മാക്കളെ ഉണർത്തുന്നു. അങ്ങനെ അല്ലാഹുവിന്റെ നാമത്തിലൂടെ ആത്മാക്കൾ ദൈവപ്രേമത്തിലേക്ക് പ്രവേശിക്കുന്നു.”
“ദൈവത്തോടുള്ള സ്നേഹമാണ് എല്ലാ മതങ്ങളേക്കാളും വലുത്. എല്ലാ മതങ്ങളുടെയും സത്തയും അതു തന്നെ. ദൈവികപ്രകാശം നേർമാർഗത്തിലേക്ക് വഴി കാണിക്കുന്ന വിളക്കാകുന്നു.”
“ദൈവസ്നേഹമില്ലാത്ത ഒരു മതവിശ്വാസിയേക്കാള്‍ ശ്രേഷ്ഠനാണ് ദൈവസ്നേഹമുള്ള ഒരു മതമില്ലാത്ത വ്യക്തി.”
“ദൈവത്തെ സൂചിപ്പിക്കുന്ന ഏതൊരു നാമവും ബഹുമാനാർഹമാണ്. അത് അവരെ ദൈവത്തിലേക്ക് നയിക്കുകയും ചെയ്യും.”
“ദൈവത്തെ തേടി നിങ്ങൾ മസ്ജിദുകളിലേക്കും അമ്പലങ്ങളിലേക്കും പള്ളികളിലേക്കും ഓടുന്നു. ദൈവം ഏതെങ്കിലും ആരാധനാലയത്തിൽ ഇരിക്കുന്നത് ഇന്നേവരെ ആരെങ്കിലും കണ്ടിട്ടുണ്ടോ? ഹേ വിഡ്ഢികളേ, ദൈവത്തിൻ്റെ വാസസ്ഥലം നിങ്ങളുടെ ഹൃദയമാണ്. ദൈവത്തെ നിങ്ങളുടെ ഹൃദയത്തിൽ വസിപ്പിക്കിൻ. അപ്പോൾ നിങ്ങൾക്ക് കാണാം, ഈ ആരാധനാലയങ്ങളും അതിലെ ആരാധകരും നിങ്ങളുടെ അടുത്തേക്ക് ഓടി വരുന്നത്.”
“അല്ലാഹുവിനോടുള്ള ഇഷ്ഖ് എല്ലാ മതങ്ങൾക്കും മീതെയാണ്. അല്ലാഹുവിനെ കാണൽ (ദീദാറേ ഇലാഹി) എല്ലാ ആരാധനകളേക്കാളും മഹത്തരമാണ്.”