Lesson 1: എന്താണ് സൂഫിസം
സൂഫിസം ഒരു ആന്തരികമായ അറിവാണെങ്കിലും, സൂഫിസത്തെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയ ഭൂരിഭാഗം എഴുത്തുകാരും അതിനെ ബാഹ്യമായ അർത്ഥത്തിലാണ് നിർവചിച്ചിരിക്കുന്നത്. ”സൂഫിസം’ എന്നത് ‘പരുക്കൻ കമ്പിളി വസ്ത്രം’ എന്നർത്ഥം വരുന്ന ‘സോഫ്’ എന്ന അറബി പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത് എന്നാണ് അവർ പറയുന്നത്. പല സൂഫികളുടെയും വസ്ത്രധാരണരീതി അങ്ങനെ ആയതിനാലാവാം അവർ അങ്ങനെ ചിന്തിച്ചത്.
എങ്കിലും, ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. സൂഫിസം എന്ന വാക്ക് തന്നെ ആത്മീയജ്ഞാനത്തെ സൂചിപ്പിക്കുമ്പോൾ, ഈ വാക്കിന്റെ ഉത്ഭവം കേവലം ഒരു വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ടതാകാൻ കഴിയുമോ? കമ്പിളി വസ്ത്രം ആർക്കും ധരിക്കാം. പക്ഷേ കമ്പിളി ധരിക്കുന്നതിലൂടെ ഒരാൾ സൂഫി ആകുമോ?
ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ.അ.) പറഞ്ഞു; ‘തസവ്വുഫ്’ എന്ന പദം ‘അസ്-സഫാ’ എന്ന വാക്കിൽ നിന്നാണ് രൂപം കൊണ്ടത്. അകം (ആന്തരികം) ശുദ്ധീകരിക്കുക എന്നതാണ് അതിന്റെ അർത്ഥം.
ദാതാ അലി ഹജ്വേരി (റ.അ.) തന്റെ ‘കശ്ഫുൽ മഹ്ജൂബ്’ എന്ന ഗ്രന്ഥത്തിൽ അബുൽ ഹസൻ നൂരി (റ.അ.) നിവേദനം ചെയ്ത ഒരു പ്രവാചക വചനം പരാമർശിക്കുന്നു; ‘സ്വന്തം നഫ്സിന്റെ (Lower Self) എല്ലാ ആഗ്രഹങ്ങളും പൂർണ്ണമായി ഇല്ലാതാക്കുന്നതാണ് സൂഫിസം.’
അതേ ഗ്രന്ഥത്തിലെ മറ്റൊരു ഭാഗത്ത്, അബുൽ ഹസൻ നൂരി (റ.അ.) പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു: ‘ഒരു സൂഫി മറ്റാരുടെയും നിയന്ത്രണത്തിലുള്ളവനല്ല. മറ്റാരെയും നിയന്ത്രിക്കുന്നവനുമല്ല. ഒരു സൂഫി മറ്റാരുടെയും സ്വത്തല്ല. ഒരാളെയും തന്റെ സ്വത്താക്കി കാണുന്നുമില്ല. അവൻ സ്വതന്ത്രനാണ്.’
സിൽ നൂർ മിസ്രി പറഞ്ഞു; ‘സൂഫിസം ഹൃദയത്തിന് എതിരായ ശക്തികളെ ഇല്ലാതാക്കുന്നു.’
കശ്ഫ് അൽ മഹ്ജൂബ് എന്ന ഗ്രന്ഥത്തിൽ ഇത്തരം വിവരണങ്ങൾ നിറഞ്ഞ 40-50 പേജുകളുണ്ട്. ഒരാൾ സൂഫിസത്തെക്കുറിച്ച് നിരവധി പുസ്തകങ്ങൾ വായിച്ചാലും എങ്ങനെ ഒരു സൂഫിയാകാം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ലഭിക്കില്ല. ഇത് ഇങ്ങനെ പറയുന്നതുപോലെയാണ്, “ഒരു സൈക്കിളിന്റെ ഏറ്റവും വലിയ ഗുണം, അതുണ്ടെങ്കിൽ നടക്കേണ്ടി വരില്ല എന്നതാണ്”. ഈ പ്രസ്താവന നമുക്ക് മനസ്സിലാകുന്നുണ്ട്, എന്നാൽ ഒരു സൈക്കിൾ എങ്ങനെ ഓടിക്കാം എന്ന് ഇത് വിശദീകരിക്കുന്നില്ല.
മറ്റൊരു ഉദാഹരണം; ഒരു പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരനോട് ബാറ്റിംഗിനെക്കുറിച്ച് ആരെങ്കിലും ഉപദേശം ചോദിക്കുന്നു. അയാൾ പറയുന്നു, ‘ഷോട്ടുകൾ അടിക്കാൻ ക്രീസിൽ സമയം എടുത്ത് കളിക്കുക’.
അതൊരു നല്ല ഉപദേശമാണ്. എന്നാൽ അത് ഒരു പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരനായ ഒരാൾ ഉപയോഗിക്കുന്ന തന്ത്രമാണ്. അദ്ദേഹം കളി തുടങ്ങിയ കാലം മുതൽ ചെയ്തിരുന്നത് ഇതല്ല.
ഇതുപോലെയാണ് സൂഫിസത്തെക്കുറിച്ചുള്ള പല പുസ്തകങ്ങളും. അവ സൂഫികളെക്കുറിച്ച് മാത്രം സംസാരിക്കുന്നു. അല്ലാതെ എങ്ങനെ ഒരു സൂഫിയാകാം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നില്ല.
ഹൃദയം ദൈവത്തിന്റെ വാസസ്ഥലമാണ്. സൂഫിസം ദൈവത്തിന് എതിരായ എല്ലാ ശക്തികളെയും ഹൃദയത്തിൽ നിന്ന് നീക്കം ചെയ്യുന്നു.
കഷ്ഫ് അൽ മഹ്ജൂബിന്റെ പേജ് 80 ൽ പ്രസ്താവിക്കുന്നു; ‘ഹൃദയം ദൈവത്തെയല്ലാതെ മറ്റൊന്നിനെയും പരിഗണിക്കാത്ത അവസ്ഥയാണ് സൂഫിസം’.
ഹൃദയത്തിൽ പിശാച് കുടികൊള്ളുന്ന ഒരു സാധാരണക്കാരന് ഈ പ്രസ്താവന കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? ദൈവത്തെയല്ലാതെ മറ്റാരിലേക്കും തിരിയാതിരിക്കാൻ അവൻ തൻ്റെ ഹൃദയത്തെ എങ്ങനെ പാകപ്പെടുത്തും? ഇത് അവന് സ്വന്തമായി ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ല.
ഈ കാലഘട്ടത്തിലെ ആത്മീയ ഗുരുവായ (മുർഷിദുൽ കാമിൽ) സർക്കാർ ഗോഹർ ഷാഹിയാണ് ജനങ്ങൾക്ക് ദൈവത്തിലേക്കുള്ള വഴി പ്രായോഗികമായി കാണിച്ചു കൊടുക്കുന്ന വ്യക്തിത്വം.
അദ്ദേഹം സൂഫിസത്തിൻ്റെ ആന്തരിക ഘടന വിശദീകരിച്ചിട്ടുണ്ട്. ആത്മീയതയുമായി ബന്ധപ്പെട്ട സർക്കാർ ഗോഹർ ഷാഹിയുടെ അധ്യാപനങ്ങൾ സമ്പൂർണ്ണമാണ്. സർക്കാർ ഗോഹർ ഷാഹി ആധികാരികമായി പറയുന്നു; ‘ഞാൻ പറയുന്നത് കേൾക്കുക, അത് സ്വീകരിക്കുക.”
ആത്മീയപാത എന്നത് ഇസ്ലാമിന്റെ മാത്രമല്ല, എല്ലാ എബ്രഹാമിക് മതങ്ങളുടെയും കാതലായ ഭാഗമാണ്. ലൗകിക ജീവിതത്തിലെ സൂക്ഷ്മതയും ദൈവപ്രേമവും ചേരുമ്പോൾ അത് സൂഫിസമാകുന്നു.. നാവാലുള്ള വിശ്വാസപ്രഖ്യാപനത്തോടെയാണ് ഇസ്ലാം ആരംഭിക്കുന്നത്. എന്നാൽ, അതിന് ശേഷമുള്ള യാത്ര മുന്നോട്ട് പോകുന്നത് സൂഫി മാർഗ്ഗത്തിലൂടെയാണ്.
ഒരു മുസ്ലിം എന്നാൽ, ദൈവത്തിന്റെ ഏകത്വത്തിലുള്ള വിശ്വാസം, മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂതനും പ്രവാചകനും ആണെന്നും പ്രവാചക പരമ്പരയിലെ അവസാനത്തെ പ്രവാചകൻ ആണെന്നുമുള്ള വിശ്വാസം, എല്ലാ പ്രവാചകന്മാരിലും ദൂതന്മാരിലും ഉള്ള വിശ്വാസം, മലക്കുകളിലും അവരുടെ നേതാക്കളായ ജിബ്രീൽ, ഇസ്രാഫീൽ, മീഖാഈൽ, അസ്രാഈൽ എന്നിവരിലുമുള്ള വിശ്വാസം, ന്യായവിധി ദിവസത്തിലുള്ള വിശ്വാസം, അസൽ ദിനത്തിലുള്ള (പ്രഥമ സാക്ഷ്യദിനം) വിശ്വാസം, ഹിസാബിൽ (കണക്കെടുപ്പ്) ഉള്ള വിശ്വാസം എന്നിവ നാവുകൊണ്ട് പറഞ്ഞ് സ്ഥിരീകരിക്കുന്നവനാണ്. ഇത് ചെയ്യാത്തവൻ ഇസ്ലാമിന് പുറത്താണ്. എന്നാൽ മുസ്ലിം ആയതിന് ശേഷമുള്ള മുന്നോട്ടുള്ള യാത്ര സാധ്യമാകുന്നത് സൂഫിസത്തിലൂടെ മാത്രമാണ്. അതിനാൽ സൂഫിസം എന്നത് ഒഴിവാക്കാനാവാത്ത ഒരു കാര്യമാണ്. ഇസ്ലാമിൽ ആത്മീയമായി ഉന്നതനിലകളിലെത്തിയവരെല്ലാം സൂഫിസത്തിന്റെ മാർഗ്ഗത്തിലൂടെയാണ് അത് നേടിയെടുത്തത്.