Lesson 4: എന്താണ് ദക്കൂരിയത്ത്?
സൂഫി മാർഗ്ഗത്തിലെ ആദ്യഘട്ടമാണ് ദക്കൂരിയത്ത്. ദൈവനാമങ്ങൾ ഉരുവിടുന്നതിനെക്കുറിച്ചുള്ള അറിവാണിത്. ശരീരത്തിലെ വിവിധ ആത്മാക്കളെ ഉണർത്തുന്നതിനുള്ള ദിക്റുകൾ (ദൈവനാമ ജപം) ഇതിൽ ഉൾപ്പെടുന്നു.
യഥാർത്ഥ സൂഫികളെപോലെതന്നെ, സൂഫികളാണെന്ന് അവകാശപ്പെടുന്ന വ്യാജന്മാരും ദിക്റിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ അവർ തമ്മിൽ വലിയ വ്യത്യാസമുണ്ട്. യഥാർത്ഥ സൂഫികൾ നാവുകൊണ്ട് ദിക്ർ ചെയ്യുന്നതോടൊപ്പം തങ്ങളുടെ ഉള്ളിലെ ആത്മാക്കളെക്കൊണ്ടും ദിക്ർ ചെയ്യിക്കുന്നു. എന്നാൽ വ്യാജന്മാർക്ക് ഈ അറിവില്ലാത്തതിനാൽ അവർ സൂഫികളെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. അവരുടെ ദിക്ർ വെറും നാവിൽ മാത്രം ഒതുങ്ങുന്നു.
പ്രശസ്തമായ ഈ ഖുർആൻ വചനത്തിൽ ദൈവം ഇപ്രകാരം അരുളുന്നു;
فَٱذۡكُرُونِيٓ أَذۡكُرۡكُمۡ وَٱشۡكُرُواْ لِي وَلَا تَكۡفُرُونِ (ഖുർആൻ 2:152)
‘എന്നെ സുഹൃത്താക്കാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ, എന്നെ ദിക്ർ ചെയ്യുക, ഞാൻ നിന്നെയും ദിക്ർ ചെയ്യും. ഈ സത്യത്തെ നിഷേധിക്കരുത്.’
ഈ ഖുർആൻ വചനം പൊതുവെ തെറ്റായ രീതിയിലാണ് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. ‘വശ്‌കുറൂലീ’ എന്ന വാക്ക് ‘ശുക്ർ’ (നന്ദി) എന്ന പദത്തിൽ നിന്നാണ് ഉണ്ടായത് എന്ന് പറയപ്പെടുന്നു. എന്നാൽ ഇത് ശരിയല്ല. ദൈവനാമത്തിന്റെ ദിക്‌റും നന്ദി പ്രകടിപ്പിക്കലും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഈ വചനത്തിന്റെ അവസാന ഭാഗത്ത് സത്യത്തെ നിഷേധിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ‘വശ്‌കുറൂലീ’ എന്നത് നന്ദിയിൽ നിന്നാണ് ഉണ്ടായതെങ്കിൽ, അത് ഈ സന്ദർഭവുമായി യോജിക്കുന്നില്ല.
ഖുർആനിന്റെ ഇതുവരെ ആരും വെളിപ്പെടുത്തിയിട്ടില്ലാത്ത ആന്തരിക വ്യാഖ്യാനം ഇമാം മെഹ്ദി സർക്കാർ ഗോഹർ ഷാഹി നമുക്ക് നൽകിയിട്ടുണ്ട്. സർക്കാർ ഗോഹർ ഷാഹി വിശദീകരിക്കുന്നു; ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘വശ്കുറൂലി’ എന്ന വാക്ക് ‘ശുക്ർ’ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതല്ല. മാത്രമല്ല അത് അറബി പദവുമല്ല. മറിച്ച് അത് ഒരു സുരിയാനി പദമാണ്. ദൈവത്തിന്റെ ഭാഷയാണ് സുരിയാനി. സുരിയാനിയിൽ ‘മശ്കൂർ’ എന്ന വാക്കിന്റെ അർത്ഥം ‘സുഹൃത്ത്’ എന്നാണ്. അതിനാൽ, സൂഫി മാസ്റ്റർ യൂനുസ് അൽഗോഹർ ഈ ഖുർആൻ വചനത്തിന്റെ യഥാർത്ഥ അർത്ഥം നമുക്ക് വിശദീകരിച്ചു തരുന്നു. അത് ഇപ്രകാരമാണ്:
‘നീ എന്നെ സുഹൃത്താക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്നെ ദിക്ർ ചെയ്യുക, ഞാൻ നിന്നെയും ദിക്ർ ചെയ്യും. അങ്ങനെ നീ എന്റെ സുഹൃത്തായി മാറും. ഈ സത്യത്തെ, ഈ രഹസ്യത്തെ, വെറും ദൈവസ്മരണ മാത്രമായി തള്ളിക്കളഞ്ഞ് നിഷേധിക്കരുത്.’
അതിനാലാണ് ഹിന്ദുമതം, സിഖ്മതം, ഇസ്‌ലാംമതം, ക്രിസ്തുമതം, ജൂതമതം, ബുദ്ധമതം തുടങ്ങി എല്ലാ മതങ്ങളും ദൈവനാമ ജപത്തിന് പ്രാധാന്യം നൽകുന്നതും അതിനായി ജപമാല ഉപയോഗിക്കുന്നതും. ഹിന്ദുക്കൾ ദൈവനാമം ജപിക്കുന്നതിനെ ‘സിമ്രൻ’ എന്നും സിഖുകാർ അതിനെ ‘ജാപ്’ എന്നും വിളിക്കുന്നു.
വിവിധ രീതികളിലുള്ള ദിക്റുകളുണ്ട്. നാവുകൊണ്ടുള്ള ദിക്ർ, ശ്വാസത്തിലൂടെയുള്ള ദിക്ർ, വിവിധ ആത്മാക്കൾകൊണ്ട് ചെയ്യുന്ന ദിക്ർ തുടങ്ങിയവ അവയിൽ ചിലതാണ്. എങ്കിലും ദക്കൂരിയത്ത് ആരംഭിക്കുന്നത് ഹൃദയത്തിന്റെ ഉണർവിലൂടെയാണ്.
നാവുകൊണ്ട് മാത്രം ദൈവനാമം ചൊല്ലുന്നത് നീതികരമായ കാര്യമല്ല. ഓരോ മനുഷ്യന്റെ ഉള്ളിലും ദൈവം ഒന്നിലധികം ആത്മാക്കളെ നിക്ഷേപിച്ചിട്ടുണ്ട്. നഫ്‌സും (നാഭി ആത്മാവ്) അനയും (ശിരസ്സിലെ ആത്മാവ്) ഉൾപ്പടെയുള്ള എല്ലാ ആത്മാക്കളും അവയുടെ ഉപആത്മാക്കളും ദിക്റിൽ മുഴുകുകയും അങ്ങനെ അവ അവയുടെ യഥാർത്ഥ ലോകങ്ങളിൽ എത്തിച്ചേരുകയും വേണം. അപ്പോൾ മാത്രമേ ഈ ഖുർആൻ വചനത്തിന്റെ നിബന്ധനകൾ പൂർത്തീകരിക്കപ്പെടുകയുള്ളൂ.