മുഹമ്മദ് നബി (സ)ക്ക് അല്ലാഹു നൽകിയ ഒരു ആത്മീയ സംവിധാനത്തിലൂടെയാണ് ഒരാൾക്ക് അല്ലാഹുവിനെ ദർശിക്കാൻ സാധിക്കുന്നത്. കാരണം, നബി (സ)ക്ക് ദൈവത്തിൻ്റെ വ്യക്തിപരമായ നാമം (അല്ലാഹു എന്ന നാമം) നൽകപ്പെട്ടിരുന്നു. മറ്റാർക്കും ആ വ്യക്തിപരമായ നാമം നൽകപ്പെട്ടിട്ടില്ല. അവിടുത്തേക്ക് മാത്രമാണ് ദൈവത്തിൻ്റെ വ്യക്തിപരമായ നാമം നൽകപ്പെട്ടത്.

അതുകൊണ്ട്, മുഹമ്മദ് നബി (സ) ആരുമായിട്ടാണോ ദൈവത്തിൻ്റെ വ്യക്തിപരമായ നാമം പങ്കുവെച്ചത്, അവർക്ക് മാത്രമേ ദൈവത്തിനെ കാണാൻ കഴിഞ്ഞിട്ടുള്ളൂ.

നമുക്ക് കാഴ്ചകൾ കാണാൻ കഴിയുന്ന ഒരേയൊരു വഴി നമ്മുടെ കണ്ണുകളാണോ? അല്ല. മനുഷ്യൻ കരുതുന്നത്, അവർക്ക് എന്തെങ്കിലും കാണണമെങ്കിൽ, നല്ല കാഴ്ചയുള്ള കണ്ണുകളുണ്ടെങ്കിൽ മാത്രമേ സാധ്യമാകൂ എന്നാണ്. ആരെങ്കിലും അന്ധനാണെങ്കിൽ, അയാൾക്ക് കാണാൻ കഴിയില്ലെന്ന് ആളുകൾ പറയും. അങ്ങനെയെങ്കിൽ, എങ്ങനെയാണ് നിങ്ങൾ സ്വപ്നത്തിൽ കാര്യങ്ങൾ കാണുന്നത്? നിങ്ങളുടെ കണ്ണുകൾ അടഞ്ഞിരിക്കുകയാണല്ലോ.

തലയിലുള്ള ഈ ഭൗതിക കണ്ണുകൾക്ക് അല്ലാഹുവിനെ കാണാൻ കഴിയില്ല. അതുകൊണ്ട്, അല്ലാഹു എല്ലാവരുടെയും തലയിൽ സവിശേഷമായ ഒരു ആത്മാവിനെ സ്ഥാപിച്ചിട്ടുണ്ട്. ലതായിഫുൽ അന. ഈ ആത്മാവ് മുഖേനയാണ് നമുക്ക് ദൈവത്തെ കാണാൻ സാധിക്കുന്നത്.

ഈ ആത്മാവ് ദൈവിക വാസസ്ഥലത്തിൽ നിന്നുള്ളതാണ്. ഇത് നമ്മുടെ ശരീരത്തിൽ സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് തന്നെ ദൈവിക സാമീപ്യത്തിൽ നിന്നാണ് വരുന്നത്. അതായത് ദൈവിക മണ്ഡലത്തിൽ നിന്ന്. ഏകത്വത്തിൻ്റെ മണ്ഡലത്തിൽ നിന്ന്. ആലമെ അഹദിയത്തിൽ നിന്ന്.

അല്ലാഹുവിനെ കാണുന്നതിനുള്ള ഒന്നാമത്തെ കടമ്പ ദൈവികമായ അനുവാദമാണ്. അല്ലാഹുവിന് ആരെയെങ്കിലും കാണാൻ താൽപ്പര്യമില്ലെങ്കിൽ, അവിടുന്ന് ‘ഇല്ല, എനിക്കവനെ കാണണ്ട’ എന്ന് പറയും. അതോടെ കഥ തീർന്നു. നിങ്ങൾക്ക് ദൈവത്തോട് തർക്കിക്കാൻ കഴിയില്ല. അല്ലാഹുവിന് താൽപ്പര്യമുണ്ടെങ്കിൽ, അല്ലാഹു സമ്മതിക്കുകയാണെങ്കിൽ, ഒരു ആത്മീയ വഴികാട്ടിയെ കണ്ടെത്താൻ അല്ലാഹു നിങ്ങളെ സഹായിക്കും.

ആ ആത്മീയ വഴികാട്ടി നിങ്ങളുടെ പരിശീലനം ആരംഭിക്കും. ആദ്യം നിങ്ങളുടെ നഫ്സ്, അതായത് ശൈത്താൻ്റെ പ്രതിനിധി ശുദ്ധീകരിക്കപ്പെടുകയും നിങ്ങളുടെ ഹൃദയം ഉണരുകയും ചെയ്യണം. ഈ രണ്ട് കാര്യങ്ങൾ ആത്മീയതയിൽ ഒരു മുൻവ്യവസ്ഥയാണ്.

ആത്മീയതയിലെ ഏറ്റവും പ്രയാസമേറിയ കാര്യം നിങ്ങളുടെ നഫ്‌സിനെ ശുദ്ധീകരിക്കുക എന്നതാണ്. മറ്റൊന്നും ഇതിനേക്കാൾ കഠിനമല്ല. ഒരാൾ നഫ്‌സിന്റെ ശുദ്ധീകരണവും ഖൽബിൻ്റെ ഉണർവ്വും നേടിയാൽ ബാക്കിയുള്ളവ എളുപ്പമാണ്. അവസാനം വരുന്നത് ഈ ആത്മാവിൻ്റെ (അനയുടെ) പരിശീലനമാണ്. ഇത് നിങ്ങളുടെ ആത്മീയ യാത്രയുടെ അവസാന ഘട്ടത്തിലാണ് സംഭവിക്കുന്നത്. അതായത്, മറ്റെല്ലാ ആത്മാക്കളും ഉണർത്തപ്പെടുകയും ശക്തിപ്പെടുത്തുകയും ചെയ്തതിനു ശേഷം. എല്ലാ ആത്മാക്കളും ഒന്നിനു പുറകെ ഒന്നായി അല്ലാഹുവിൻ്റെ നാമത്തിൻ്റെ ദിക്റിൽ ഏർപ്പെടേണ്ടതുണ്ട്. കാരണം, അല്ലാഹുവിൻ്റെ നാമത്തിൻ്റെ ദിക്ർ ദിവ്യമായ ഊർജ്ജം (നൂർ) ഉത്പാദിപ്പിക്കും.

എന്നിട്ട് അവസാനം സൂഫി ഗുരു നിങ്ങളോട് ലതായിഫുൽ അനയിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെടും. യാ ഹൂ എന്ന ദിക്ർ ഉണ്ട്. അല്ലാഹു എന്നത് അല്ലാഹുവിന്റെ നേർപ്പിച്ച നാമമാണ്. എന്നാൽ ‘ഹൂ’ എന്നതിലാണ് ദൈവനാമത്തിന്റെ മുഴുവൻ സത്തും. ഏറ്റവും ശക്തമായ ദിക്ർ.

ഒരു കഷ്ണം റൊട്ടിയെടുത്ത് ചെറിയ കഷ്ണങ്ങളാക്കി പക്ഷികൾക്ക് എറിഞ്ഞുകൊടുക്കുമ്പോൾ അവ അത് പിടിച്ചെടുത്ത് കഴിക്കുന്നു. നിങ്ങൾ ‘യാ ഹൂ, യാ ഹൂ’ എന്ന് പറയുമ്പോൾ അതാണ് സംഭവിക്കുന്നത്. ആ റൂഹ് കാത്തിരിക്കുകയാണ്. നിങ്ങൾ ‘യാ ഹൂ, യാ ഹൂ’ എന്ന് പറയുമ്പോൾ, അത് അതിനെ പിടിച്ചെടുക്കുന്നു.

ഖൽബ് ആയാലും അങ്ങനെയാണ്. നിങ്ങളുടെ ഖൽബ് ഉണരുമ്പോൾ, ഖൽബ് പക്ഷിയായി മാറും. പിന്നീട് നിങ്ങൾ ‘അല്ലാഹു, അല്ലാഹു’ എന്ന് നാവ് കൊണ്ട് ദിക്ർ ചെയ്യുമ്പോൾ അത് വായ തുറന്ന് അതിനെ പിടിച്ചെടുക്കും. എല്ലാ റൂഹും ഇങ്ങനെയാണ് ചെയ്യുന്നത്. പക്ഷികളെപ്പോലെ.

നിങ്ങൾ യാ ഹൂ, യാ ഹൂ എന്ന് ചെയ്യുമ്പോൾ ‘അന’ എന്ന ഈ റൂഹ് നിങ്ങളുടെ നാവിൽ നിന്ന് ഊർജ്ജം സ്വീകരിക്കും. എന്നിട്ട്, ഒരാഴ്ചക്കുള്ളിൽ, ഈ റൂഹ് സ്വയം ദൈവനാമം പറയാൻ തുടങ്ങും, യാ ഹൂ, യാ ഹൂ എന്ന്.

ഒരു പക്ഷി ഭക്ഷണം പിടിക്കാൻ കൊക്ക് തുറക്കുന്നതുപോലെ, നിങ്ങളുടെ റൂഹും അതുപോലെ ചെയ്യണമെന്നുണ്ടെങ്കിൽ, നിങ്ങൾ തസവ്വുർ ചെയ്യണം. തസവ്വുർ ചെയ്യുന്നതിലൂടെ റൂഹിന് അതേ അവസ്ഥയുണ്ടാകും, ഒരു പക്ഷിയുടെ വായ തുറന്നിരിക്കുന്നതുപോലെ, അത് ആ ഭക്ഷണം സ്വീകരിക്കാൻ തയ്യാറായിരിക്കും. തസവ്വുർ ചെയ്തില്ലെങ്കിൽ വായ അടഞ്ഞിരിക്കും. അതുകൊണ്ടാണ് തസവ്വുർ അത്യാവശ്യമാകുന്നത്.

എല്ലാ സൂഫികളും ദിക്ർ ചെയ്യാറുണ്ട്, ‘അല്ലാഹു, അല്ലാഹു’ എന്ന്. അത് നല്ലതാണ്. പക്ഷെ കാര്യം എന്തെന്നാൽ, നിങ്ങൾ നാവ് കൊണ്ട് ചെയ്യുന്ന ഈ ‘അല്ലാഹു’ എന്ന ദിക്ർ നിങ്ങളുടെ ഖൽബിനുള്ളിലേക്ക് പോകണം. ഖൽബിന്റെ വായ അടഞ്ഞിരിക്കുകയാണ്. അത് എങ്ങനെ തുറക്കും? അത് തുറക്കാൻ, നിങ്ങൾ ദൈവനാമം തസവ്വുർ (സങ്കൽപ്പിക്കൽ) ചെയ്യണം. ആ ദൈവനാമത്തിന്റെ തസവ്വുർ നിങ്ങളുടെ ഖൽബിന്റെ വായ തുറക്കും. അതുകൊണ്ട് തസവ്വുർ വളരെ പ്രധാനമാണ്. ദിക്റിന്റെ മുഴുവൻ സമയത്തും നിങ്ങൾ നിരന്തരമായി ദൈവനാമം തസവ്വുർ ചെയ്യണം. കാരണം ആ ദൈവനാമത്തിന്റെ തസവ്വുർ നിങ്ങളുടെ ഖൽബിന്റെ വായ തുറക്കും.


സുൽത്താൻ ഹഖ് ബാഹു പറഞ്ഞു, നിങ്ങൾ ദൈവനാമം തസവ്വുർ ചെയ്യാതെ ദിക്ർ ചെയ്യുകയാണെങ്കിൽ, അത് ഒരു കഴുത കരയുന്നത് പോലെയാണ്. തസവ്വുർ ഇല്ലാത്ത ദിക്ർ കഴുതയുടെ ശബ്ദം പോലെയാണ്.

അപ്പോൾ എന്താണ് വിഷ്വലൈസേഷൻ അഥവാ തസവ്വുർ? ‘അല്ലാഹു’ എന്ന നാമം നിങ്ങളുടെ ഖൽബിൽ എഴുതിയിരിക്കുന്നു എന്ന് മനസ്സിൽ സങ്കൽപ്പിക്കുന്നു. ദൈവനാമത്തിന്റെ വിഷ്വലൈസേഷൻ അഥവാ സങ്കൽപ്പിക്കൽ വളരെ ശക്തമായ ഒന്നാണ്.

മനുഷ്യന്റെ തലയിലെ റൂഹാണ് അന. ഈ റൂഹിന് മൂന്ന് ആവരണങ്ങളുണ്ട്. മൂന്ന് മറകൾ. അന എന്ന റൂഹ് ഈ മൂന്ന് മറകൾക്ക് താഴെ ഒളിഞ്ഞിരിക്കുന്നു. ഒന്നാമത്തെ മറ ഹിജാബെ ളുൽമാനി. അഥവാ ഇരുട്ടിന്റെ പാളി. രണ്ടാമത്തേത് ഹിജാബെ നൂറാനി അഥവാ പ്രകാശത്തിന്റെ പാളി. അതിനുശേഷം ഹിജാബെ റബ്ബാനി.

അങ്ങനെ മൂന്ന് മറകൾ. ആദ്യത്തെ മറ ഇരുട്ടാണ്, പ്രകാശമില്ല. മുറിയിലെ ഈ ഇരുട്ട് ഒരു മറയാണെന്ന് കരുതുക. കാരണം ഒന്നും കാണാൻ കഴിയില്ല. പക്ഷെ നിങ്ങൾ ലൈറ്റുകൾ ഓൺ ചെയ്യുമ്പോൾ എല്ലാം പ്രകാശപൂരിതമാകും. അപ്പോൾ പ്രകാശം ഒരു മറയായി മാറുന്നു.

ആദ്യത്തെ മറ എങ്ങനെയാണ് നീക്കം ചെയ്യപ്പെടുന്നത്? ഈ റൂഹ് ‘യാ ഹൂ’ എന്ന ദിക്റിൽ മുഴുകുമ്പോൾ. യാ ഹൂ എന്ന ദിക്ർ പ്രകാശമുണ്ടാക്കും. അങ്ങനെ ഇരുട്ട് അകന്നുപോകും. പിന്നെ അവിടെ മുഴുവൻ പ്രകാശമായിരിക്കും. മുഴുവനും നൂർ ആയിരിക്കും. നൂർ മാത്രമേ കാണാൻ സാധിക്കൂ. മറ്റൊന്നും കാണാൻ സാധിക്കില്ല. അതുകൊണ്ട് അതിനെയും ഹിജാബ് (മറ) എന്ന് തന്നെ പറയാം.

ഈ റൂഹ് ‘യാ ഹൂ’ എന്ന ദിക്റിൽ മുഴുകുമ്പോൾ,’യാ ഹൂ’വിൻ്റെ നൂർ ഇരുട്ടിൻ്റെ ആവരണത്തെ നീക്കം ചെയ്യും. എല്ലാം പ്രകാശപൂരിതമാകും. അത്രയധികം പ്രകാശമുണ്ടാകും. ആ പ്രകാശം തന്നെ ഒരു മറയായി വർത്തിക്കാൻ തുടങ്ങും. കാരണം ആ തീവ്രമായ പ്രകാശം കാരണം നിങ്ങൾക്ക് മറ്റൊന്നും കാണാൻ കഴിയില്ല.


അപ്പോൾ, ഇരുട്ട് കൊണ്ടോ പ്രകാശം കൊണ്ടോ നിങ്ങൾക്ക് മറ്റൊന്നും കാണാൻ കഴിയാതെ വരുമ്പോൾ, അത് ഒരു മറയായി മാറുന്നു. ഇരുട്ട് കാരണം ഒന്നും കാണാൻ കഴിയുന്നില്ല, അല്ലെങ്കിൽ വെളിച്ചം കാരണം ഒന്നും കാണാൻ കഴിയുന്നില്ല.

നിങ്ങൾ സൂര്യനിലേക്ക് നോക്കുമ്പോൾ, നിങ്ങളുടെ കണ്ണഞ്ചിപ്പോകും. നിങ്ങൾ അഞ്ച് സെക്കൻഡ് സൂര്യനിലേക്ക് നോക്കിയിട്ട് മറ്റൊരാളെ കാണാൻ ശ്രമിച്ചാൽ, നിങ്ങൾക്കൊന്നും കാണാൻ കഴിയില്ല. പിന്നെ സൂര്യനെയും കാണാൻ കഴിയില്ല.

അപ്പോൾ ദിക്ർ കൊണ്ട്, ഇരുട്ട് ഇല്ലാതാകും. ഈ റൂഹ് അത്രയധികം പ്രകാശം ഉത്പാദിപ്പിക്കും, ആ പ്രകാശത്താൽ നിങ്ങളുടെ കണ്ണഞ്ചിപ്പോകും. പിന്നെ നിങ്ങൾക്ക് പ്രകാശം മാത്രമേ കാണാൻ കഴിയൂ, മറ്റൊന്നും കാണാൻ കഴിയില്ല.

എന്തുകൊണ്ടാണ് ഇത് ഇത്ര പ്രധാനപ്പെട്ടതാകുന്നത്? ഇത് തൗഹീദിൻ്റെ പഠിപ്പിക്കലുകളാണ്. നിങ്ങൾക്ക് മറ്റാരെയും കാണാൻ കഴിയാത്ത അത്രയും നൂർ. തൗഹീദ്. അല്ലാഹുവിൻ്റെ ഏകത്വം. അങ്ങനെ ഈ റൂഹ് അല്ലാഹുവിനെ കാണാൻ തയ്യാറായിക്കഴിഞ്ഞു.

ഇപ്പോൾ ‘അന’ എന്ന ഈ റൂഹ് റെഡിയാണ്. നിങ്ങൾ നിങ്ങളുടെ കിടക്കയിൽ ഉറങ്ങുകയാണ്. നിങ്ങൾ ഉറങ്ങുമ്പോൾ, ആത്മീയ ഗുരു നിങ്ങളുടെ തലയിൽ നിന്ന് ഈ റൂഹിനെ പുറത്തെടുക്കും. അല്ലാഹു ആലമെ അഹദിയ്യത്തിൽ ആണ്. ഈ ഏകത്വത്തിൻ്റെ ലോകത്തിന് മുന്നിൽ മറ്റൊരു ലോകമുണ്ട്. ഇതിനെ ആലമെ വഹ്ദത്ത് എന്ന് പറയുന്നു. ഇത് നബി(സ)യുടെ റൂഹിൻ്റെ ഭവനം ആണ്. ഇതിനടുത്താണ് ഹഖീഖത്തെ മുഹമ്മദി. അതാണ് നബി(സ)യുടെ ഉത്ഭവം.

ഇവിടെ നിന്ന് അധികം ദൂരെയല്ലാതെ മറ്റൊരു സ്ഥലമുണ്ട്. ഇത് മുഹമ്മദ് നബി(സ)യുടെ ലത്തീഫയെ അനയുടെ സ്ഥലമാണ്. ഇത് കാഴ്ച കാണാനുള്ള ഒരു ഗ്യാലറി പോലെയാണ്. ഇതിനെ മഖാമെ മഹ്മൂദ് എന്ന് പറയുന്നു. നിങ്ങളുടെ സൂഫി ഗുരു നിങ്ങളുടെ ലത്തീഫയെ അനയെ ഇവിടെ കൊണ്ടുവരും. ഇവിടെ നിന്ന് നിങ്ങൾ അല്ലാഹുവിനെ കാണും. നിങ്ങളല്ല, നിങ്ങളുടെ അന.

നിങ്ങളുടെ തലയിലുള്ള ആ റൂഹ് അല്ലാഹുവിനെ കാണും. പിന്നെ എന്ത് സംഭവിക്കും? ഉദാഹരണത്തിന്, നിങ്ങൾ എന്നെ കണ്ടു, നിങ്ങൾ വീട്ടിൽ തിരികെ പോകുമ്പോൾ, എൻ്റെ രൂപം നിങ്ങൾ ഓർക്കും. അടുത്ത തവണ നിങ്ങൾ എന്നെ കാണുമ്പോൾ, നിങ്ങൾ എന്നെ തിരിച്ചറിയും. എന്തുകൊണ്ട്? എൻ്റെ രൂപവും വിവരങ്ങളും നിങ്ങളുടെ ഓർമ്മയിൽ പതിഞ്ഞു. അതുപോലെ, ആ റൂഹ് അല്ലാഹുവിനെ കാണുമ്പോൾ, അല്ലാഹുവിൻ്റെ രൂപം, അല്ലാഹുവിൻ്റെ പ്രതിച്ഛായ, ഈ റൂഹിലേക്ക് പ്രവേശിക്കുന്നു.

ഇപ്പോൾ, അല്ലാഹുവിൻ്റെ പ്രതിച്ഛായ നിങ്ങളുടെ റൂഹിലേക്ക് പ്രവേശിച്ചു. എന്നിട്ട് വീട്ടിലേക്ക് തിരികെ പോകാനുള്ള സമയമായി. അനയുടെ ആ റൂഹ് നിങ്ങളുടെ തലയിലേക്ക് തിരികെ വരും. നിങ്ങളുടെ തലയിൽ നിന്ന്, അല്ലാഹുവിൻ്റെ പ്രതിച്ഛായ നിങ്ങളുടെ കണ്ണുകളിലേക്ക് മാറ്റപ്പെടും. അത് എപ്പോൾ സംഭവിക്കും? റൂഹ് തലയിൽ പ്രവേശിച്ചുകഴിയുമ്പോൾ. കാരണം കണ്ണുകൾ തലയിലാണല്ലോ. അതിനാൽ, അല്ലാഹുവിനെ കാണുന്ന സമയത്ത്, നിങ്ങളുടെ ശരീരം ഒന്നും അറിഞ്ഞിരുന്നില്ല. കാരണം അത് നിങ്ങളുടെ റൂഹിൽ നിന്ന് വിച്ഛേദിക്കപ്പെട്ടിരുന്നു.

ഒരിക്കൽ നിങ്ങളുടെ ‘അന’ അല്ലാഹുവിനെ കണ്ടുകഴിഞ്ഞാൽ, ആ റൂഹ് നിങ്ങളുടെ തലയിലേക്ക് തിരികെ പ്രവേശിച്ചുകഴിഞ്ഞാൽ, അപ്പോൾ അല്ലാഹുവിൻ്റെ പ്രതിച്ഛായ നിങ്ങളുടെ കണ്ണുകളിലേക്ക് മാറ്റപ്പെടുന്നു. എന്നിട്ട് നിങ്ങൾ 40 ദിവസം ചെലവഴിക്കണം. എന്നിട്ട് നിങ്ങൾ കണ്ണുകളിലുള്ള ഈ പ്രതിച്ഛായയെ നിങ്ങളുടെ ഹൃദയത്തിലേക്ക് മാറ്റുന്നു.

അനയുടെ കണ്ണുകളിൽ അല്ലാഹു വന്നു. ആ ദീദാറിന് ശേഷം 40 ദിവസം ആരോടും മിണ്ടാൻ കഴിയില്ല. എന്തുകൊണ്ടെന്നാൽ, കണ്ണുകളിൽ വന്ന ആ പ്രതിച്ഛായയെ ഹൃദയത്തിലേക്ക് ഇറക്കണമല്ലോ. അതിനെ ഹൃദയത്തിലേക്ക് ഇറക്കാൻ ഹഖീഖത്തിൻ്റെ വലിയ്യുമാർ സഹായിക്കും. അവർ ആ പ്രതിച്ഛായയെ കണ്ണുകളിൽ നിന്ന് ഹൃദയത്തിലേക്ക് ഇറക്കും. കണ്ണുകളിൽ പ്രവേശിച്ച അല്ലാഹുവിൻ്റെ പ്രതിച്ഛായ ഹൃദയത്തിലേക്ക് മാറ്റപ്പെട്ടാൽ നിങ്ങൾ അല്ലാഹുവിൻ്റെ ഒരു വലിയ്യായി.

നീ ആയിരുന്നില്ലല്ലോ അല്ലാഹുവിനെ കണ്ടത്. നിൻ്റെ ഒരു റൂഹ് അല്ലേ കണ്ടിട്ട് വന്നത്? നിൻ്റെ അനയാണ് ദീദാർ ചെയ്തത്, നീയല്ല. വിലായത്ത് എപ്പോഴാണ് ഉറപ്പിക്കപ്പെടുന്നത്? എപ്പോഴാണോ അത് കണ്ണുകളിലും, കണ്ണുകളിൽ നിന്ന് ഹൃദയത്തിലും വരുന്നത്, അപ്പോൾ. കണ്ണുകളിൽ നിന്ന് ഹൃദയത്തിലേക്ക് അല്ലാഹുവിൻ്റെ പ്രതിച്ഛായ വരുമ്പോൾ, പിന്നെ നിങ്ങളുടെ ഹൃദയം അല്ലാഹുവിൻ്റെ ഭവനമാണ്. ഖൽബെ മുഅ്മിൻ ബൈത്തു റബ്ബ്.

നിങ്ങൾ നിങ്ങളുടെ വീട്ടിൽ താമസിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ വീടല്ല. താമസിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വീടാണ്. അതുപോലെ ഹൃദയത്തിൽ അല്ലാഹുവില്ലെങ്കിൽ അത് അല്ലാഹുവിൻ്റെ ഭവനമല്ല. എപ്പോഴാണോ അല്ലാഹു ഇവിടെ ഉണ്ടാകുന്നത്, അപ്പോഴാണ് അത് അല്ലാഹുവിൻ്റെ ഭവനമാകുന്നത്. ഖൽബെ മുഅ്മിൻ ബൈത്തു റബ്ബ്. ഖൽബെ മുഅ്മിൻ അർശുല്ലാഹ്.

അല്ലാഹുവിൻ്റെ പ്രതിച്ഛായ കണ്ണുകളിൽ നിന്ന് ഹൃദയത്തിലേക്ക് വന്ന് ഹൃദയത്തിൽ നിലനിൽക്കുമ്പോൾ, അല്ലാഹു എല്ലാ ദിവസവും 360 തവണ നിങ്ങളെ നോക്കും. നസറെ റഹ്മത്ത്. അവൻ്റെ അനുഗ്രഹത്തിൻ്റെ നോട്ടം. അല്ലാഹുവിൻ്റെ അനുഗ്രഹീതമായ, ആനന്ദകരമായ നോട്ടം നിങ്ങളുടെ ഹൃദയത്തിൽ പതിക്കും. അതായത് തജല്ലി പതിക്കും. അവൻ്റെ ദിവ്യമായ ഊർജ്ജത്തിൻ്റെ ഒരു സ്‌ഫുലിംഗം. ഒരു തജല്ലിക്ക് ഏഴ് മഹാപാപങ്ങളെ കത്തിക്കാൻ കഴിയും. ഒരു കാരുണ്യ ദൃഷ്ടി ഏഴ് മഹാപാപങ്ങളെ കത്തിച്ചുകളയുന്നു.

അല്ലാഹുവിന്റെ ദർശനം നിങ്ങൾക്ക് സംഭവിച്ചാൽ, അത് നിങ്ങൾ മാത്രമേ അറിയൂ. മറ്റാർക്കും അറിയില്ല. നിങ്ങൾ അല്ലാഹുവിനെ കണ്ടുവെന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്തണമെങ്കിൽ നിങ്ങൾ എന്തുചെയ്യും? രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന് ആധികാരികമാണ്, മറ്റൊന്ന് ആധികാരികമല്ല.

അല്ലാഹുവിനെ കണ്ടവർ ഒരു കല്ലിൽ നോക്കിയാൽ അത് സ്വർണ്ണമായി മാറും. അതായത് ഏകാഗ്രമായ ഉദ്ദേശ്യത്തോടെയുള്ള നോട്ടത്താൽ. എന്നാൽ ഇബ്‌ലീസിനു പോലും ഈ ശക്തിയുണ്ട്. അതുകൊണ്ടാണ് ഇത് ആധികാരികമല്ലാത്തത്.

അല്ലാഹുവിന്റെ ഒരു വലിയ്യിന് മാത്രം ചെയ്യാൻ കഴിയുന്നതും മറ്റാർക്കും ചെയ്യാൻ കഴിയാത്തതുമായ ആ കാര്യം എന്താണ്? ദൈവനാമം കൊണ്ട് ഒരാളുടെ ഹൃദയം തുറക്കാനുള്ള അധികാരവും ശക്തിയുമാണത്. അതായത് ദിക്‌റേ ഖൽബിനുള്ള അധികാരം. അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുമെങ്കിൽ, അദ്ദേഹം അല്ലാഹുവിനെ കണ്ടുവെന്നതിന്റെ തെളിവാണത്. കാരണം, അല്ലാഹുവിനെ കാണാതെ നിങ്ങൾക്ക് ഒരു ഹൃദയത്തെ പ്രകാശപൂരിതമാക്കാൻ കഴിയില്ല.

അല്ലാഹുവിനെ കാണാൻ കഴിയുന്നതിന് മുമ്പ് നിങ്ങൾ ഈ നീണ്ട പ്രക്രിയയിലൂടെ കടന്നു പോകണം. നിങ്ങൾ അല്ലാഹുവിനെ കണ്ടുകഴിഞ്ഞാൽ, അല്ലാഹു നിങ്ങളുടെ ഉള്ളിലായി. ഇനി ആളുകൾ നിങ്ങളെ നോക്കിയാൽ, അവർ അല്ലാഹുവിനെ കണ്ടു.

“ഇനി നീ താഴേക്ക് പോകൂ. ആര് നിന്നെ കാണുന്നുവോ അവർ എന്നെ കാണും.”

എന്നാൽ ഇത് പറയുന്നത് നിങ്ങളോടല്ല. നിങ്ങൾ ഉറങ്ങുകയായിരുന്നല്ലോ, മുകളിലേക്ക് പോയിട്ടില്ല. അപ്പോൾ ആ പ്രതിച്ഛായയോടാണ് ഇങ്ങനെ പറയുന്നത്.