ചോദ്യം:
ഈ ഹദീസിനെക്കുറിച്ച് വിശദീകരിക്കാമോ:
“റസൂലുല്ലാഹി (സ) പറഞ്ഞു: “മുസ്‌ലിംകൾ ജൂതന്മാരുമായി യുദ്ധം നടത്തുന്നത് വരെ ലോകാവസാനം സംഭവിക്കുകയില്ല. ആ യുദ്ധത്തിൽ മുസ്‌ലിംകൾ അവരെ വധിക്കും. ഒരു ജൂതൻ കല്ലിൻ്റെയോ മരത്തിൻ്റെയോ പിന്നിൽ അഭയം തേടുമ്പോൾ, ആ കല്ലോ മരമോ പറയും: ‘ഹേ മുസ്‌ലിം, ഹേ അല്ലാഹുവിൻ്റെ അടിമേ, ഇതാ ഒരു ജൂതൻ എൻ്റെ പിന്നിലുണ്ട്. നീ വന്ന് അവനെ വധിക്കുക.’ എന്നാൽ ഗർഖദ് എന്ന് പേരുള്ള മരം അപ്രകാരം ചെയ്യുകയില്ല. കാരണം അത് ജൂതന്മാരുടെ മരമാണ്.”

ഇത് ശരിയായ ഹദീസാണോ? കുട്ടിക്കാലം മുതൽ ഈ ഹദീസ് കേട്ടുവരുന്നു. എന്നാൽ സർക്കാർ ഇമാം മെഹ്ദി ഗോഹർ ഷാഹി (അ) അല്ലാഹുവിൻ്റെ ദീനായ ഇശ്ഖ് നൽകാനും വെറുപ്പുകൾ ഇല്ലാതാക്കാനുമാണ് വന്നിരിക്കുന്നത്.

സയ്യിദി:
മുസ്‌ലിംകൾക്ക് മരങ്ങളോട് സംസാരിക്കാനുള്ള കഴിവ് ഉണ്ടോ? ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. റസൂലുല്ലാഹി (സ) ഇസ്‌ലാമിന്റെ ശത്രുക്കളായിരുന്ന, റസൂലുല്ലാഹിയെ ഉപദ്രവിച്ചിരുന്ന ക്രിസ്ത്യാനികളോടും ജൂതന്മാരോടും ഇടപഴകുന്നത് വിലക്കിയിരുന്നു. എന്നാൽ എല്ലാ ജൂതന്മാരും അങ്ങനെയുള്ളവരായിരുന്നില്ല. ക്രിസ്ത്യാനികളിലായാലും ഹിന്ദുക്കളിലായാലും മുസ്‌ലിംകളിലായാലും ഗൂഢാലോചന നടത്തുന്ന ദുഷ്ടശക്തികൾ മനുഷ്യരാശിയുടെ ശത്രുക്കൾ തന്നെയാണ്.

ഇന്ന് മിഡിൽ ഈസ്റ്റിൽ നടക്കുന്ന കാര്യങ്ങൾ, ഫലസ്തീനിലെ യുദ്ധം, അത് നടത്തുന്നത് ജൂതന്മാരല്ല, സയണിസ്റ്റുകളാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ താമസിക്കുന്ന ജൂതന്മാരിൽ ഭൂരിഭാഗം പേരും ഈ സയണിസ്റ്റുകളുടെ കൂടെയല്ല. ഫലസ്തീനിൽ ചെയ്യുന്ന എല്ലാ അതിക്രമങ്ങളെയും അവർ അപലപിക്കുന്നു.

എല്ലാ മതങ്ങളിലും എല്ലാ സ്ഥലങ്ങളിലും അത്തരം ആളുകളുണ്ട്. അവർക്ക് ആ മതവുമായി പ്രത്യക്ഷത്തിൽ ബന്ധമുണ്ടെങ്കിലും, അവർ ആ മതത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ജീവിക്കുന്നവരല്ല. ഉദാഹരണത്തിന്, മൂസാ നബി (അ) ക്ക് അല്ലാഹുവിൽ നിന്ന് ഇറങ്ങിയ പത്ത് കൽപ്പനകളിൽ ഒന്ന് ഇതായിരുന്നു; “നിങ്ങൾ അന്യായമായി ആരെയും വധിക്കരുത്.”

അവർ ഈ ചെയ്യുന്നതെല്ലാം അന്യായമായ കൂട്ടക്കൊല മാത്രമല്ല, വംശഹത്യ തന്നെയല്ലേ? വംശഹത്യ തന്നെയാണ് അവരുടെ ലക്‌ഷ്യം. അവിടെയുള്ള എല്ലാ ഫലസ്തീനികളെയും കൊന്നൊടുക്കുക, എന്നിട്ട് അവിടെ റിസോർട്ടുകൾ പണിത് അവിടം പണം സമ്പാദിക്കാനുള്ള കേന്ദ്രമാക്കി മാറ്റുക.

ഒരുപാട് ഹദീസുകളിൽ കൃത്രിമം കാണിക്കപ്പെട്ടിട്ടുണ്ട്. ഇനി പ്രായോഗികമായി നോക്കുകയാണെങ്കിൽ, മുസ്‌ലിംകൾക്ക് അവരുമായി യുദ്ധം ചെയ്യാനുള്ള ശക്തി ഈ സമയത്തുണ്ടോ?

ഈ അറബ് മുസ്‌ലിംകൾ, അവർ പേരിന് പോലും മുസ്‌ലിംകളല്ലാതായി മാറിയിട്ടുണ്ട്. അവർ ആഗ്രഹിക്കുന്നത് ഞങ്ങളുടെ ആഡംബര ജീവിതവും സുഖലോലുപതയും തുടർന്നുപോകണം, ഞങ്ങളോട് ആരും ഒന്നും പറയരുത് എന്നാണ്. അപ്പോൾ ഏത് മുസ്‌ലിംകളോടാണ് മരം പറയുക, എൻ്റെ പിന്നിൽ ജൂതൻ ഒളിച്ചിരിപ്പുണ്ട്, അവനെ കൊല്ലൂ എന്ന്?

ഇപ്പോൾ വിഭാഗീയതയിൽ നിന്നും വെറുപ്പ് ജന്മമെടുത്തു. മതങ്ങൾ ഒരു നിശ്ചിത കാലഘട്ടം വരെ ആളുകൾക്ക് മാർഗ്ഗദർശനത്തിൻ്റെയും വഴികാട്ടലിൻ്റെയും അനുഗ്രഹം നൽകിക്കൊണ്ടിരുന്നു. എന്നാൽ ഒരു പ്രത്യേക കാലഘട്ടത്തിന് ശേഷം, എല്ലാ മതങ്ങളിലും എപ്പോഴാണോ ആത്മീയ ജ്ഞാനത്തിന്റെ പരമ്പര അവസാനിച്ചത്, ആ മതത്തിൽ ഭിന്നത പടർന്നു. കാരണം ആത്മീയജ്ഞാനത്തിലൂടെയാണ് മനുഷ്യൻ്റെ ബന്ധം അല്ലാഹുവുമായി സ്ഥാപിക്കപ്പെടുന്നത്.

ഈ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് നിങ്ങൾ ചെയ്യുന്ന ഈ ആരാധനകൾ പ്രയോജനപ്പെടുന്നത്. അല്ലാഹുവുമായി ബന്ധമില്ലെങ്കിൽ അതെല്ലാം പാഴായിപ്പോകും.

കഴിഞ്ഞ നിരവധി നൂറ്റാണ്ടുകളായി, മുസ്‌ലിംകൾക്ക് ദീനിനെക്കുറിച്ചുള്ള ധാരണയും ഗ്രാഹ്യവും അങ്ങേയറ്റം അപൂർണ്ണമാണ്. ബാഹ്യമായ ഇബാദത്തുകളെ അവർ മതമായി  മനസ്സിലാക്കി. ദീനിൻ്റെ അടിസ്ഥാനം എന്നത് തന്നെ, അല്ലാഹുമായി, അല്ലാഹുവിന്റെ റസൂലുമായി ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു. ആ ഒരു കാര്യം ഇപ്പോൾ കാണാനില്ല. അതുകൊണ്ടാണ് ഇന്ന് മുസ്‌ലിംകൾ എല്ലായിടത്തും നിന്ദിതരും അപമാനിതരുമായിക്കൊണ്ടിരിക്കുന്നത്.

ജൂതന്മാർക്ക് അല്ലാഹു ഒരുപാട് പണം നൽകിയിട്ടുണ്ട് എന്ന് നിങ്ങൾ പറയുകയാണെങ്കിൽ, ഈ അറബ് മുസ്‌ലിംകളുടെ കയ്യിൽ പണമില്ലേ? എത്ര പണമാണ് അവരുടെ കയ്യിലുള്ളത്. പക്ഷെ ഈമാൻ ഇല്ല.

ഈ എല്ലാ കാര്യങ്ങളെയും വളരെ ആഴത്തിൽ നോക്കിക്കാണുക. എല്ലാ മുസ്‌ലിംകളും ഒരുപോലെയല്ല, എല്ലാ ഹിന്ദുക്കളും ഒരുപോലെയല്ല, എല്ലാ ജൂതന്മാരും ഒരുപോലെയല്ല. എല്ലാ സമൂഹത്തിലും എല്ലാ മതത്തിലും നല്ലവരും ചീത്തവരുമായ ആളുകളുണ്ട്. ഏതാനും ചീത്ത ആളുകൾ കാരണം എല്ലാ ആളുകളും ദുഷ്പേര് കേൾക്കുന്നു. ആ കുറച്ച് ആളുകൾ കാരണം, ആ പ്രത്യേക വംശത്തിൻ്റെ വംശീയ വേർതിരിവ് സംഭവിക്കുന്നു.

നമ്മുടെ കയ്യിൽ ഈമാനിൻ്റെ സമ്പത്ത് ഇല്ലാതായി. നമ്മുടെ കയ്യിൽ താടിയുണ്ട്, ഉംറയുണ്ട്, ഹജ്ജുണ്ട്, എല്ലാമുണ്ട്. പക്ഷെ ആ ഈമാനിൻ്റെ സമ്പത്ത് ഇല്ലാതായി. അതിനാൽ എല്ലാം വെറുതെയായി. നമ്മൾ നിസ്കരിക്കുന്നുണ്ട്, നോമ്പെടുക്കുന്നുണ്ട്, ബലിയർപ്പിക്കുന്നുണ്ട്. ബലി പെരുന്നാൾ വരുന്നു, ഒരുപാട് മൃഗങ്ങൾ അറുക്കപ്പെടും. മൃഗം മൃഗത്തെ അറുക്കും. നിങ്ങൾ ആന്തരിക കണ്ണുകൊണ്ട് നോക്കുകയാണെങ്കിൽ, ഒരു പട്ടി പശുവിനെ അറുക്കുന്നതായി നിങ്ങൾക്ക് തോന്നും.

ഈ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. പക്ഷെ നമ്മുടെ സ്വഭാവം എന്താണ്? മുസ്‌ലിം എന്നാൽ  വാക്ക് പാലിക്കുന്നവനായിരുന്നു, അവൻ്റെ കണ്ണുകളിൽ ലജ്ജയുണ്ടായിരുന്നു, വാഗ്ദാനം ലംഘിക്കുമായിരുന്നില്ല, കള്ളം പറയുമായിരുന്നില്ല. റസൂലുല്ലാഹിയുടെ അധ്യാപനങ്ങൾ ഇതൊക്കെത്തന്നെയല്ലേ?

നമ്മൾ നമ്മിലേക്ക് തന്നെ തിരിഞ്ഞുനോക്കുക, എത്ര ശതമാനം ഇസ്‌ലാം നമ്മുടെ ഉള്ളിൽ ഇറങ്ങിയിട്ടുണ്ട് ? ഒരു ശതമാനം ഇസ്‌ലാം പോലും മുസ്‌ലിംകളിൽ ഇല്ലെന്ന് അറിയുമ്പോൾ നിങ്ങൾക്ക് വളരെ ദുഃഖം തോന്നും.